സീതത്തോട് : കൊച്ചുകോയിക്കൽ മേഖലയിലെ കൃഷിയിടങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. നാലാംബ്ലോക്കിൽ കഴിഞ്ഞദിവസം രാത്രി ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കനത്ത മഴകൂടിയുള്ളതിനാൽ കൃഷിയിടങ്ങളിൽ ആനകളെത്തുന്നത് കർഷകർക്ക് അറിയാൻ കഴിയില്ല. നാലാംബ്ലോക്കിൽ സൗരോർജ വേലി തകർത്താണ് ആനക്കൂട്ടം കൃഷിയിടത്തിലെത്തിയത്.

ആനകളെ ഭയന്ന് ചില സ്ഥലങ്ങളിൽ കർഷകർ വീടുകൾപോലും ഉപേക്ഷിച്ച സ്ഥിതിയാണ്. കൂട്ടമായെത്തുന്ന ആനകളെ വനത്തിനുള്ളിലേക്ക് തുരത്തിയോടിക്കുന്നതും ശ്രമകരമായ ജോലിയാണെന്ന് കർഷകർ പറയുന്നു. കൃഷിയിടത്തിൽനിന്ന് മാറിയാലും ജനവാസ കേന്ദ്രത്തോട് ചുറ്റിപ്പറ്റിത്തന്നെ ഇവ നിലയുറപ്പിക്കുകയാണ്.

വാഴയും, തെങ്ങും തുടങ്ങി സർവവിളകളും ആനക്കൂട്ടം നശിപ്പിക്കുന്നു. കൈവശ കർഷകരുടെ കൃഷിയിടങ്ങൾക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ കൂടുതൽ നഷ്ടം.

ഇവർക്കാകട്ടെ പട്ടയമില്ലെന്ന കാരണംപറഞ്ഞ് വനം വകുപ്പ് നഷ്ടപരിഹാരം നൽകാൻപോലും തയ്യാറാകുന്നില്ല. കഴിഞ്ഞദിവസം നാലാംബ്ലോക്ക് കുന്നുംപുറത്ത് മാത്യുവിന്റെ കൃഷിയിടത്തിലിറങ്ങി കാർഷിക വിളകൾ നശിപ്പിച്ച കാട്ടാനകൾ ഇവിടെയുള്ള വീടുകൾക്ക് സമീപംവരെയെത്തി. കൃഷിയിടത്തിലുള്ള തെങ്ങുകൾപോലും പിഴുതെറിഞ്ഞാണ് ആനകൾ മടങ്ങുന്നത്.

ഗുരുനാഥൻമണ്ണ്, കുന്നം മേഖലയിലും കാട്ടനശല്യം രൂക്ഷമാണ്. കുന്നം മേഖലയിൽ നിരവധി കർഷകർ കൃഷിയിടങ്ങൾ വെറുതെയിട്ടിരിക്കുകയാണ്. ഇവിടെ എന്ത് കൃഷിചെയ്താലും വന്യമൃഗങ്ങൾ നശിപ്പിക്കും.