തിരുവല്ല : കനത്ത കാറ്റും മഴയും കുറ്റൂരിൽ നാശം വിതച്ചു. വാഴകൾ വ്യാപകമായി ഒടിഞ്ഞുവീണു. ബുധനാഴ്ച വൈകീട്ടോടെയാണ് കാറ്റും മഴയും എത്തിയത്. എട്ടാംവാർഡിൽ തോപ്പിൽ ടി.ആർ. രഘുനാഥൻ നായരുടെ 300 മൂടോളം കുലച്ച വാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. ശിവശ്രീയിൽ ശ്രീലതയുടെ വീടിന് മുകളിൽ പ്ലാവ് കടപുഴകി വീണു. നിരവധിപ്പേരുടെ പുരയിടങ്ങളിൽനിന്ന വാഴകൾ ഒടിഞ്ഞിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ അവശേഷിച്ച വാഴകളാണ് കാറ്റെടുത്തത്. കർഷകർക്ക് ഇരട്ടി നഷ്ടമാണ് ഉണ്ടായത്. തിരുവല്ലയിൽ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് കനത്തകാറ്റിനൊപ്പം മഴയെത്തിയത്. നഗരത്തിൽ ഗതാഗതക്കുരുക്കും ഉണ്ടായി.