റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത വികസനം പൂർത്തിയാക്കി കാലം പിന്നിടുമ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട്- ഓർമയുണ്ടോ ഈ മുക്കുകൾ? മറുപടി ഇങ്ങനെയാവും- ഒരു കാലത്ത് സംസ്ഥാനപാതയിൽ നിരവധിപേർ കൂട്ടംകൂടി നിന്നിരുന്ന ബസ് സ്റ്റോപ്പായിരുന്നു ഇതൊക്കെ.

സംസ്ഥാനപാതയുടെ നവീകരണത്തിലൂടെ നാടും റോഡും വികസിക്കുമ്പോൾ ആരവമൊഴിയുന്നതിന്റെ വേദനയിലാണ് ചില മുക്കുകൾ. എന്നും വാഹനങ്ങളുടെ തിരക്കും ബസ് കാത്തുനിൽക്കുന്നവരും ഒക്കെയായി ആളനക്കമുണ്ടായിരുന്ന കാലം ഓർമയിലേക്ക് മാറുകയാണ്. മന്ദമരുതിക്ക് സമീപമുള്ള ചെല്ലയ്ക്കാട്, വൈക്കം പെട്രോൾ പമ്പ് പടി, വാളിപ്ലാക്കൽ ജങ്ഷൻ, വലിയകലുങ്ക് എന്നിവിടങ്ങളാണ് സംസ്ഥാന പാത നവീകരണത്തിൽ കൊടുംവളവുകൾ നിവർത്തിയപ്പോൾ പുതിയ പാതയിൽനിന്ന് ഒഴിവാക്കപ്പെട്ടത്.

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പ്ലാച്ചേരി മുതൽ കോന്നിവരെയുള്ള ഭാഗത്തെ നവീകരണഭാഗമായി കൊടും വളവുകൾ നിവർത്തിയിരുന്നു. അങ്ങനെ റാന്നി മേഖലയിൽ ഒഴിവാക്കപ്പെട്ട വളവുകളിലായിരുന്നു ഈ മൂന്ന് ബസ് സ്റ്റോപ്പുകളും. പ്ലാച്ചേരിയിൽനിന്നാരംഭിച്ചാൽ ആദ്യം ഒഴിവാക്കപ്പെട്ടത് ചെല്ലയ്ക്കാട് സ്റ്റോപ്പാണ്.

റാന്നി റിങ് റോഡ് സംസ്ഥാനപാതയിൽ ചേരുന്ന സ്ഥലം കൂടിയായിരുന്നു ഇത്. വളവിൽ ബസ് കാത്തുനിൽക്കാൻ വെയ്റ്റിങ് ഷെഡും ഒരു വശത്ത് തണൽ നൽകുന്ന ബദാംമരവും ഉണ്ട്. സംസ്ഥാനപാതയിൽ വളവുനിവർത്തിയ പുതിയ പാത ആദ്യഘട്ട ടാറിങ് നടത്തിയതോടെ ഈ കവല പൂർണമായി ഒഴിവായി.

ഇതേ പോലെതന്നെ ഉതിമൂട് വലിയ കലുങ്കും ഇതിനോടു ചേർന്നുണ്ടായിരുന്ന ബസ് സ്‌റ്റോപ്പും ഇനി പുതിയ പാതയരികിലല്ല. എന്നാൽ കലുങ്കിന്റെയും പഴയ ബസ് സ്റ്റോപ്പിന്റെയും ഇടയിലൂടെയാണ് വളവ് നിവർത്തിയപ്പോൾ സംസ്ഥാന പാത കടന്നുപോകുന്നത്. ഈ സ്‌റ്റോപ്പിലുമുണ്ട് വെയ്റ്റിങ് ഷെഡും തണലേകാനൊരു ആൽമരവും. റാന്നി ഗവ.ഐ.ടി.ഐ.ക്കായി കെട്ടിടം നിർമിക്കുന്ന സ്ഥലത്തേക്ക് ഈ സ്റ്റോപ്പിൽനിന്നുമാണ് തിരിയേണ്ടത്. പണികൾ പൂർത്തിയാവാത്തതിനാൽ ഇപ്പോഴും ഇതുവഴി തന്നെയാണ് വാഹനങ്ങൾ പോകുന്നത്. കലുങ്കിന് പകരം നിർമിച്ച പാലത്തിന്റെ ഇരുവശത്തും റോഡുപണി നടക്കുന്നതേയുള്ളൂ.

റാന്നിയിൽനിന്ന് പത്തനംതിട്ടയ്ക്ക് പോകുമ്പോൾ ബസിന്റെ രണ്ടാം ഫെയർ സ്റ്റേജ് വാളിപ്ലാക്കൽ സ്റ്റോപ്പായിരുന്നു. ഇതും ഒഴിവായിപ്പോയ മുക്കുകളിൽപെടുന്നു. വൈക്കം കുത്തുകല്ലുങ്കൽ പടിയിൽനിന്ന് വളവുനിവർത്തി പാത നേരെയാക്കിയപ്പോൾ സംസ്ഥാന പാതയരികിലായിരുന്ന പെട്രോൾ പമ്പും ഇതിനടുത്തുണ്ടായിരുന്ന ബസ് സ്റ്റോപ്പും പുറത്തായി.

വാഹനങ്ങൾ പുതിയ പാതയിലൂടെയാണ് പോകുന്നത്. മുക്കുകൾ കൂടാതെ റോഡരികിൽ നിർമിച്ച നിരവധി വീടുകളും ഇപ്പോൾ സംസ്ഥാനപാതയരികിൽനിന്ന് അകന്നുപോയി.