മല്ലപ്പള്ളി : മല്ലപ്പള്ളി പഞ്ചായത്തിൽ കീഴ്വായ്പൂര് ഭാഗത്താണ് വെള്ളപ്പൊക്കം ശക്തമായിരുന്നത്. ഇവിടെ മടുക്കമണ്ണിൽ, കൊച്ചുതോടത്തിൽ, വല്യതോടത്തിൽ, പുല്ലേലിമണ്ണ്, പറകാട്ട് പ്രദേശങ്ങളിലായി 26 വീടുകൾ ദിവസങ്ങളോളം വെള്ളത്തിനടിയിലായിരുന്നു.

ഇവയിൽ പലതിന്റെയും ഭിത്തികൾ വിണ്ടുകീറുകയും തറ താഴുകയും ചെയ്തിട്ടുണ്ട്. ദുരിതാശ്വാസക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞ കുടുംബങ്ങൾ മടങ്ങിയെത്തിയപ്പോഴാണ് ദുരവസ്ഥ അറിയുന്നത്.

വഴിയെന്നാൽ കനാൽ വരമ്പ്

പുല്ലേലിമണ്ണ് ഭാഗത്താണ് ദുരിതം കൂടുതൽ. ആദ്യം വെള്ളംകയറുന്ന ഇവിടേക്ക് വഴിയുമില്ല. കനാൽ വരമ്പാണ് ഇവർക്ക് ആശ്രയം. മണിമലയാറ്റിലെ വെള്ളം കീഴ്വായ്പൂര് പുഞ്ചയിലെത്തിക്കുന്നതിന് നിർമിച്ചതാണ് തെക്കുംതല ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി. ഇരുവശത്തും കരിങ്കൽ മതിലും ഇടയിൽ വെള്ളമൊഴുകുന്ന തോടുമാണിത്. രണ്ടുവശത്തേയും കെട്ടുകളുടെ മുകളിൽകൂടിയാണ് വീട്ടുകാർ നടക്കുന്നത്. പായൽ പിടിച്ച് വഴുക്കലുള്ള ഇതിലെ എത്ര ശ്രദ്ധിച്ചുനീങ്ങിയാലും അപകടം ഉറപ്പാണ്.

ജലസേചനവകുപ്പ് കനിയുമോ

ഇരുഭാഗത്തുമുള്ള ഭൂവുടമകൾ വിട്ടുനൽകിയ സ്ഥലത്തുകൂടിയാണ് കനാൽ നിർമിച്ചത്. എന്നാൽ ഇതിന് മുകളിൽ കോൺക്രീറ്റ് സ്ളാബ് ഇല്ലാത്തതിനാൽ സമീപത്തെ വീടുകളിലേക്ക് വഴിയില്ല. വയലിലേക്ക് പോകാനും മറ്റ് മാർഗമില്ല. ബണ്ടിന് മുകളിൽ സ്ലാബുകളിട്ട് വഴിയായി ഉപയോഗിക്കാൻ സൗകര്യം ഒരുക്കാവുന്നതാണ്. 100 മീറ്റർ ഇത്തരത്തിൽ ചെയ്താൽ നിരവധി വീട്ടുകാർക്ക് പ്രയോജനപ്പെടും. ചെറുകിട ജലസേചന വകുപ്പിന്റെ ഫണ്ടിൽ ഇക്കാര്യം ചെയ്യാനാകും.