കലഞ്ഞൂർ : കലഞ്ഞൂരിൽനിന്ന് പാടം പോകുന്ന വഴിയിൽ ഡിപ്പോ ജങ്ഷനിലെത്തുമ്പോൾ കാൽനടയാത്രക്കാരും വാഹനയാത്രികരും ഇപ്പോൾ ജാഗ്രത പാലിക്കാറുണ്ട്. കാരണം ഈ വഴയിൽ അപകടം എങ്ങനെ ഏത് രൂപത്തിലാണ് എത്തുന്നത് എന്ന് പറയാൻ കഴിയില്ല.

റോഡിന്റെ രണ്ടരികിലും ഇരുപതടിയോളം ഉയരത്തിൽ കാടാണ്. ഇതിനുള്ളിലാണ്‌ തെരുവുനായകളുടെയും കാട്ടുപന്നികളുടെയും വാസം. വാഹനത്തിന്റെ ശബ്ദംകേൾക്കുമ്പോൾ തന്നെ ഇവ കുതിച്ചെത്തും. ഇതുകാരണം അപകടവും പതിവ്.

നിരവധി ഇരുചക്രവാഹന യാത്രികരാണ് ഇവിടെ മറിഞ്ഞുവീണത്. ഡിപ്പോ ജങ്ഷനിൽ അധികവും സ്ഥലം വനംവകുപ്പിന്റേതാണ്. റോഡ് പുറമ്പോക്ക് സ്ഥലങ്ങളിലെല്ലാം ഇവിടെ നിന്ന് ഇഞ്ചമുള്ളാണ് വലിയ രീതിയിൽ പടർന്നുകയറിയത്. കൊടുംവളവിൽ റോഡ് ദൂരെനിന്ന് കാണാൻ പറ്റാത്തതരത്തിലാണ് കാട് വളർന്നത്.

മാലിന്യം ഇവിടെ ഇടരുതേ...

മാലിന്യം ഇവിടെ ഇട്ടാൽ ശിക്ഷാർഹമാണ് എന്ന ബോർഡ് വനംവകുപ്പ് സ്ഥാപിച്ചതിന്റെ അരികു മുതൽ എല്ലാ സ്ഥലത്തും മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെ ദുർഗന്ധംവമിച്ചുകിടക്കുകയാണ്. രാത്രിയിലും പകലും എല്ലാം വാഹനങ്ങളിലാണ് മാലിന്യം ചാക്കുകളിലാക്കി ഇവിടെ കൊണ്ടുവന്ന് ഇടുന്നത്.

സമീപത്ത് താമസിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. വനംവകുപ്പിന്റെ ജില്ലാ നഴ്‌സറിയും സംസ്ഥാന ഫാമിങ് കോർപ്പറേഷന്റെ സംസ്ഥാന തലത്തിലുള്ള നഴ്‌സറിയും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

ഇലക്ട്രിക് പോസ്റ്റുകൾ കാടുകയറി

ടച്ചുവെട്ട് എന്നത് ഇലക്ട്രിസിറ്റി വകുപ്പ് ഇടയ്ക്കിടെ ചെയ്യുന്ന നടപടിക്രമമാണ്. എന്നാൽ ഡിപ്പോ ജങ്ഷനിലുള്ള ഇലക്ട്രിക് പോസ്റ്റുകളുടെ ഉടമസ്ഥാവകാശം കൊല്ലം ജില്ലയിലെ പത്തനാപുരം ഇലക്ട്രിക്കൽ സെക്ഷനായതിനാൽ ടച്ചുവെട്ട് ഇവിടെ നടപ്പായിട്ടില്ല.

പോസ്റ്റിനേക്കാൾ ഉയരത്തിലാണ് ഇവിടെ കാടുകയറി കിടക്കുന്നത്.

തെരുവുവിളക്ക് കാടുകയറി മൂടാത്തതിനാൽ അൽപ്പം വെളിച്ചം രാത്രിയിൽ കിട്ടും.