തിരുവല്ല : വഴിയിലിട്ടതെല്ലാം വെള്ളം പലയിടത്തെത്തിച്ചു. വീട്ടിലെ മാലിന്യം ചാക്കിൽ കെട്ടി തെരുവിലിട്ട പലരുടെയും വീട്ടുമുറ്റം, അവരുടേതല്ലെങ്കിലും സമാനമായി ഇട്ട മറ്റുള്ളവരുടെ വേസ്റ്റുകൾ വെള്ളപ്പൊക്കത്തിൽ ഏറ്റുവാങ്ങി. പെരിങ്ങര പഞ്ചായത്തിലെ ചവറുസംഭരണ കേന്ദ്രങ്ങളിൽ അനധികൃതമായി ഇട്ട മാലിന്യചാക്കുകൾ ഒഴുകിപ്പരന്നു. അഴിയിടത്തുചിറ-മേപ്രാൽ റോഡിലൂടെ സഞ്ചരിച്ചാൽ നിരവധിയിടത്ത് ഒഴുകിയെത്തിയ ചവറുചാക്കുകൾ കാണാം. വീട്ടുമുറ്റത്തും പുരയിടത്തിലും വഴിയരികിലും ധാരാളം ചാക്കുകൾ.

മേപ്രാൽ-കാരയ്ക്കൽ റോഡ് തുടങ്ങുന്ന ഭാഗത്തെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്.)ക്ക്‌ സമീപമെത്തിയാൽ എവിടെത്തിരിഞ്ഞാലും മാലിന്യംനിറച്ച ചാക്കുകൾ കാണാം. വീടുകളിൽനിന്ന് ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ ശേഖരിച്ചുവെയ്ക്കുന്നതിനുള്ള ഷെഡ്ഡാണ് എം.സി.എഫ്. ഇവിടെ നാട്ടുകാർ നേരിട്ട് മാലിന്യംതള്ളാൻ പാടില്ലെന്നതാണ് നിർദേശം.

എന്നാൽ നടക്കുന്നത് നേരേ വിപരീതവും. മേപ്രാൽ റോഡിൽ വെള്ളപ്പൊക്കത്തിനുമുമ്പ് എം.സി.എഫിന് ചുറ്റും നാട്ടുകാർ മാലിന്യം ഇട്ടിരുന്നു. റോഡിൽനിന്ന്‌ വെളളം തീരെ ഒഴിഞ്ഞിട്ടില്ല. ഷെഡ്ഡിന് അകത്തുകിടന്നത് ഒഴിച്ചുള്ള കൂന മുഴുവൻ ഒഴുകിമാറിയിട്ടുണ്ട്. പഞ്ചായത്തിലെ എല്ലായിടത്തും ഇതുതന്നെയാണ് സ്ഥിതി.

യഥാസമയം നീക്കമില്ല

മാലിന്യനീക്കത്തിൽ ആദ്യംമുതലേ പഞ്ചായത്തിൽ താളപ്പിഴകളുളളതായി പരാതി ഉയർന്നിരുന്നു. മൂന്നുവർഷം മുമ്പ് ഹരിതകർമസേന വഴിയുള്ള മാലിന്യശേഖരണ പദ്ധതി തുടങ്ങിയെങ്കിലും കാര്യക്ഷമമായി മുന്നോട്ടുപോയില്ല. ചില വാർഡുകളിൽ നാളിതുവരെ രണ്ടുവട്ടം മാത്രമാണ് വീട്ടിലെത്തിയുള്ള മാലിന്യശേഖരണം നടന്നത്. മാസാമാസം ശേഖരിക്കുമെന്നാണ് പ്രഖ്യാപനം. ഇതിനായി 50രൂപയും വീട്ടുകാർ നൽകണം. ഹരിതകർമസേന എത്തുമെന്നുകരുതി വീട്ടിൽ മാലിന്യം കെട്ടിവെച്ചവർ ഒടുവിൽ എം.സി.എഫിന് സമീപം കൊണ്ടിട്ടു. എന്നിട്ടും അധികൃതർ നടപടിയെടുത്തില്ല. ഇപ്പോൾ നാടൊട്ടുക്ക് പലവിധ മാലിന്യങ്ങൾ പരന്നെത്തിയ നിലയിലുമായി.