അടൂർ : കെ.എസ്.ആർ.ടി.സി. ജങ്ഷനിൽ റോഡ് മുറിച്ചുകടക്കുന്നവർ ഇടവും വലവും നോക്കിയാൽമാത്രം പോരാ. റോഡിന് അപ്പുറം കടന്നുവെന്ന് ഉറപ്പിക്കാൻ ഭാഗ്യംകൂടി വേണമെന്ന അവസ്ഥയാണ്. ഇവിടെ സിഗ്നൽ സംവിധാനം ഉണ്ടെങ്കിലും നാളുകളായി പ്രവർത്തിക്കുന്നില്ല.

ഈ ഭാഗത്ത് സീബ്രാവരകൾ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കാൽ നടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത് നിയന്ത്രണമില്ലാതെയാണ്. പൊതുവെ എപ്പോഴും നല്ല തിരക്കാണ്‌ ഇവിടെ. മേൽപ്പാലം നിർമിക്കണമെന്നത്‌ വർഷങ്ങളായുള്ള ആവശ്യമാണ്. ഇതിനായി കഴിഞ്ഞ ബജറ്റിൽ അഞ്ചരക്കോടി രൂപ നീക്കിവെക്കുകയും ചെയ്തിരുന്നു. ഇതുവരെയും നടപടിയായിട്ടില്ല.

എന്നാൽ, മേൽപ്പാലം നിർമിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കാൻ നിർദേശം നൽകിയതായും എത്രയും വേഗം രൂപരേഖ തയ്യാറാക്കി പദ്ധതി ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്നും ചിറ്റയം ഗോപകുമാർ എം.എൽ.എ. പറഞ്ഞു.

അപകട ഭീഷണി

പലപ്പോഴും ഒന്നിൽ കൂടുതൽ ട്രാഫിക് പോലീസിന്റെ സേവനം ഇവിടെ ആവശ്യമായിവരുന്നു. പോലീസ് കൈകാണിച്ച് വാഹനങ്ങൾ നിർത്തിയാണ് യാത്രക്കാരെ റോഡിന് ഇരുവശത്തേക്കും കടത്തിവിടുന്നത്.

ഈ ഭാഗത്ത് രണ്ട് ബസ് ബേകളും ഓട്ടോറിക്ഷാ സ്റ്റാൻഡും ഉള്ളതിനാൽ സ്ഥലപരിമിതിയുണ്ട്. ബസ് ബേയിലൂടെ ഇരുചക്രവാഹനങ്ങൾ കയറിപ്പോകുന്നതും പതിവാണ്.

ഇത് ബസ് കാത്തുനിൽക്കുന്ന യാത്രികർക്ക് അപകട ഭീഷണി ഉയർത്തുന്നു.