പന്തളം : നഗരസഭ മുൻ സെക്രട്ടറി എസ്.ജയകുമാർ ഓംബുഡ്‌സ്മാന് നൽകിയ പരാതിയിൽ നഗരസഭാ ചെയർപേഴ്‌സണും സെക്രട്ടറിയും താത്‌കാലികഡ്രൈവറും ഓൺലൈൻ ഹിയറിങ്ങിൽ പങ്കെടുക്കാൻ ഓംബുഡ്‌സ്മാന്റെ നിർദേശം.

ഡിസംബർ 23-ന് 11 മണിക്കാണ് ഹിയറിങ്ങ്. നഗരസഭയിൽ അവതരിപ്പിച്ച ബജറ്റ് വ്യാജമാണ്, ഓഗസ്റ്റ് 18-ന് ഒരു വാഹനം ലേലംചെയ്തശേഷവും ഇല്ലാത്ത തസ്തികയിൽ ഡ്രൈവറെ നിയമിക്കണമെന്ന അധ്യക്ഷയുടെ നിർദേശം, കണ്ടിൻജന്റ് ജീവനക്കാരെ നിയമിക്കാതെ സാനിറ്റേഷൻ സൊസൈറ്റി നിലനിർത്തി എന്നിവ ചൂണ്ടിക്കാട്ടിയാണ് മുൻ സെക്രട്ടറിയും ഇപ്പോൾ കട്ടപ്പന നഗരസഭാ സെക്രട്ടറിയുമായ എസ്.ജയകുമാർ ഓംബുഡ്‌സ്മാനെ സമീപിച്ചിരുന്നത്.

സെക്രട്ടറി എന്ന പദവി ഒഴിവാക്കി, സ്വന്തം മേൽവിലാസത്തിലാണ് അദ്ദേഹം പരാതി നൽകിയത്.

ഇതേ ആവശ്യങ്ങളുന്നയിച്ച്‌ സെപ്റ്റംബർ ഒൻപതിന് എസ്.ജയകുമാർ നഗരകാര്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയത് വലിയ ചർച്ചയായിരുന്നു. കത്ത് നൽകിയശേഷം സെക്രട്ടറി അവധിയിൽ പ്രവേശിച്ചതോടെ ഭരണപ്രതിസന്ധിക്കൊപ്പം ഭരണപ്രതിപക്ഷങ്ങളുടെ കൊമ്പുകോർക്കലാണ് 26 ദിവസം നഗരസഭയിൽ അരങ്ങേറിയത്. അകത്ത് കൗൺസിലർമാരും പുറത്ത് രാഷ്ട്രീയപാർട്ടികളും സമരരംഗത്തെത്തി.

സെക്രട്ടറിയെ മാറ്റണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടപ്പോൾ സെക്രട്ടറി നൽകിയ കത്തിനെ ന്യായീകരിച്ച് ബി.ജെ.പി. ഭരണസമിതിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇടതുവലതു മുന്നണികളുടെ സമരം.

സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭാധ്യക്ഷ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിയും നൽകിയിരുന്നു. ഒക്ടോബർ ഏഴിനാണ് എസ്.ജയകുമാറിനെ കട്ടപ്പനയിലേക്ക് സ്ഥലംമാറ്റിയത്.