പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ഹബ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്തു. അയ്യപ്പഭക്തർക്ക് പരമാവധി സൗകര്യം ഏർപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.ശബരിമല തീർഥാടകർക്ക് വിരിെവയ്ക്കുന്നതിനുള്ള വിശ്രമകേന്ദ്രം, ഇ.എം.എസ്. കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ മെഡിക്കൽ എയ്ഡ് പോസ്റ്റ്, കഫേ കുടുംബശ്രീ കെ.എസ്.ആർ.ടി.സി. കാന്റീൻ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. തീർഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിലെ ശബരിമല ഹബ്ബിന്റെ പ്രവർത്തനം ആരംഭിച്ചത്.

മറ്റു ജില്ലകളിൽനിന്നും പത്തനംതിട്ടവഴി പമ്പയ്ക്ക് സർവീസ് നടത്തിയിരുന്ന ബസുകൾ പത്തനംതിട്ട ബസ്‌സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കും. ഈ ബസുകളിൽവരുന്ന തീർഥാടകർക്ക് പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിലെ ശബരിമല ഹബിൽ രണ്ടുമണിക്കൂർ സമയം വിശ്രമിക്കാം. തുടർന്ന് പത്തനംതിട്ട-പമ്പ കണക്ട് ബസുകളിൽ യാത്ര ചെയ്യാനുമുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

ഹബ്ബിൽ 24-മണിക്കൂറും യാത്രക്കാർക്ക് സേവനം ലഭ്യമാക്കും

ഇ.എം.എസ്. സഹകരണ ആശുപത്രി ചെയർമാൻ പ്രൊഫ. ടി.കെ.ജി. നായർ, കൗൺസിലർ സുമേഷ് ബാബു, എ.ടി.ഒ. ആർ. ഉദയകുമാർ, പമ്പ സ്പെഷ്യൽ എ.ടി.ഒ. അജിത്ത്കുമാർ, കെ.എസ്.ആർ.ടി.സി. ജില്ലാ മെക്കാനിക്കൽ മാനേജർ ആർ. ഹരികൃഷ്ണൻ, പമ്പ നോഡൽ ഓഫീസർ ജി. അജിത്ത്കുമാർ കെ.എസ്.ആർ.ടി.സി. ട്രേഡ് യൂണിയൻ നേതാക്കളായ ജി. ഗിരീഷ് കുമാർ, ആർ. അജി, പി.ആർ. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

വിശ്രമത്തിനും ഭക്ഷണത്തിനും സൗകര്യങ്ങളായി

ഹബ്ബിൽ വിശ്രമിക്കുന്ന തീർഥാടകർക്ക് ഭക്ഷണത്തിനും വെള്ളത്തിനുമായി കുടുംബശ്രീയുടെയും കെ.എസ്.ആർ.ടി.സി.യുടെയും ഭക്ഷണശാല ആരംഭിച്ചിട്ടുണ്ട്. നൂറു പേർക്ക് വിരിവെയ്ക്കാനുള്ള സംവിധാനം രണ്ടാംനിലയിലാണ് ഒരുക്കിയിട്ടുള്ളത്.

ഇ.എം.എസ്. കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ മെഡിക്കൽ എയ്ഡ് പോസ്റ്റും ഇവിടുണ്ട്. പത്തനംതിട്ട-പമ്പ ചെയിൻ സർവീസുകൾക്കായി 50-ബസുകൾ അധികമായി അനുവദിച്ചിട്ടുണ്ട്.

തിരക്ക് കൂടുന്നതനുസരിച്ച് 65 ബസുകളാണ് മൊത്തത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.

ടിക്കറ്റ് ഒറ്റത്തവണ എടുത്താൽ മതി

ദീർഘദൂര സ്ഥലങ്ങളിൽനിന്ന് പത്തനംതിട്ട ഹബ് മുഖേന കെ.എസ്.ആർ.ടി.സി. ബസിൽവരുന്ന തീർഥാടകർക്ക് പമ്പ വരെയുള്ള യാത്രയ്ക്കായി ഒരുതവണ ടിക്കറ്റ് എടുത്താൽ മതിയാകും. അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ടയിൽനിന്ന് പമ്പയിലേക്ക് ചെയിൻ സർവീസിലും യാത്ര ചെയ്യാം. എന്നാൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുവരുന്ന ബസുകളിലെ തീർഥാടകർക്ക് ആവശ്യമെങ്കിൽ നേരിട്ട് അതേ ബസിൽതന്നെ പമ്പയിലേക്ക് പോകാൻ കഴിയും. ഹബ്ബിൽനിന്ന് പമ്പയിലേക്കുപോകുന്ന ബസുകൾ ഭക്ഷണത്തിനോ വിശ്രമത്തിനോ ആയി മറ്റെവിടെയും നിർത്തില്ല.