കൊടുമൺ : ഒരാഴ്ച പ്രായമായ പശുക്കിടാവിന്റെ ജഡം സാമൂഹികവിരുദ്ധർ നടുറോഡിൽ ഉപേക്ഷിച്ചു. കൊടുമൺ പഞ്ചായത്തിൽ മണക്കാട് എട്ടാം വാർഡിൽ ഉടയാൻമുരുപ്പ് പ്രദേശത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലാണ് ജഡം ചാക്കിൽക്കെട്ടിയനിലയിൽ കണ്ടത്. തെരുവുനായ്ക്കൾ കടിച്ചുകീറിയനിലയിലാണ്. പരിസരമാകെ ദുർഗന്ധം വമിക്കുന്നു. വാഹനയാത്രികരും കാൽനടയാത്രക്കാരും വളരെ ബുദ്ധിമുട്ട് നേരിടുന്നു. പരിസരവാസികൾ പഞ്ചായത്തിലും പോലീസിലും പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പ്രദേശത്ത് ആറ് മാസം മുൻപ് രോഗംവന്ന് ചത്ത 50-ൽ അധികം കോഴികളെയും ചാക്കിൽക്കെട്ടി ഉപേക്ഷിച്ചിരുന്നു. ഈ പ്രദേശത്ത് റോഡുകളുടെ ഇരുവശവും കാടുകയറിയ നിലയിലാണ്. സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടവും ഈ പ്രദേശത്ത് പതിവാണ്. പോലീസ് പട്രോളിങ് പ്രദേശത്ത് ഉണ്ടാകണമെന്നും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.