അടൂർ : ബൈപ്പാസ് റോഡിൽ ആദ്യമൊക്കെ തറക്കല്ല് പാകിയ നടപ്പാതകൾ കാണാമായിരുന്നു. ഈ നടപ്പാതകൾ ആളുകൾ പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കും ഉപയോഗിച്ചിരുന്നതുമാണ്. പക്ഷേ, ഇന്ന് നടപ്പാതകൾ പലയിടത്തും കാണാൻപോലുമില്ലാത്ത അവസ്ഥയാണ്. നടപ്പാത മുഴുവൻ കാടുകയറി. അടുത്തിടെ സേഫ് സോൺ പദ്ധതി പ്രകാരം ബൈപ്പാസ് റോഡരികുകൾ നവീകരിച്ചിരുന്നു. നടപ്പാതകൾ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ, പിന്നീട് ഇത് നിലനിർത്താൻ അധികൃതർക്ക് സാധിച്ചില്ല.

ഇതുകാരണം നടപ്പാത പലയിടത്തും കാണാൻ പറ്റാത്ത അവസ്ഥയിലാണ്. ഇത്തരത്തിൽ പോയാൽ റോഡിലേക്കും കാട് കയറുമെന്ന് നാട്ടുകാർ പറയുന്നു.

അപകടം അരികെ

ബൈപ്പാസിൽകൂടി നടക്കാനിറങ്ങുന്നവർ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. നടപ്പാതകൾ വലതും കാടുകയറിയതിനാൽ റോഡരികിൽകൂടിയാണ് പലരും നടക്കുന്നത്. ഇത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.

രണ്ടാഴ്ച മുമ്പ് പ്രഭാതസവാരിക്കിറങ്ങിയ മൂന്നാളം സ്വദേശി പിക്കപ്പിടിച്ച് മരിച്ചിരുന്നു. പുലർച്ചെ ആയതിനാൽ റോഡിൽ പൊതുവേ വാഹനങ്ങൾ കുറവായിരിക്കും. ഉള്ള വാഹനങ്ങൾ അമിത വേഗത്തിലുമായിരിക്കും. കൂടാതെ, ബൈപ്പാസിൽ വഴിവിളക്കുകളുമില്ല.

വഴിയോരമെന്ന നിയമം

ബൈപ്പാസ് റോഡരുകിൽ നിറയെ വഴിയോരക്കച്ചവടക്കാരുടെ തിരക്കാണ്. ഇവിടെയെത്തുന്ന വാഹനങ്ങൾ മിക്കപ്പോഴും റോഡിലേക്ക് ഇറക്കിയാണ് ഇടുന്നത്. ഇതുമൂലം കാൽനടയാത്രക്കാർക്ക് പോകാൻ സ്ഥലമുണ്ടാകില്ല. പലപ്പോഴും ബൈപ്പാസിലെ അപകടങ്ങൾക്ക് കാരണവും ഈ തിരക്കുതന്നെ. ഇത്തരം അശ്രദ്ധമായ പാർക്കിങ് പോലീസോ ഗതാഗതവകുപ്പോ ശ്രദ്ധിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.