കലഞ്ഞൂർ : അസൗകര്യങ്ങൾക്ക് നടുവിൽ കലഞ്ഞൂർ കെ.എസ്.ഇ.ബി. ഒാഫീസ്. വാടകക്കെട്ടിടത്തിലാണ് ഒാഫീസിന്റെ പ്രവർത്തനം.

മഴ നനഞ്ഞെത്തുന്ന ജീവനക്കാർക്ക് വസ്ത്രം മാറണമെങ്കിൽ ഓഫീസിന് അരികിലെ തുറസ്സായ സ്ഥലമാണ് ആശ്രയം.

വാടകക്കെട്ടിടത്തിലെ കുടുസ്സായ മൂന്ന് മുറികളിലാണ് മുപ്പത് ജീവനക്കാർ ജോലിചെയ്യുന്നത്.

സ്ഥലമില്ലാത്തതിനാൽ ഇവിടത്തെ സാധനങ്ങൾ ഓഫീസിെന്റ മുറ്റത്താണ് കൂട്ടിയിട്ടിരിക്കുന്നത്. ഇവിടെ പാമ്പുകളും ഉണ്ട്. രാത്രി ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് ഏറെ പ്രയാസം. സ്ത്രീജീവനക്കാർ ഉൾപ്പെടെ ജോലിചെയ്യുന്ന ഇവിടെ പുറത്തുള്ള ഒരു ടോയ്‌ലെറ്റ് മാത്രമാണുള്ളത്.

കലഞ്ഞൂർ, കൊടുമൺ, ഏനാദിമംഗലം പഞ്ചായത്തുകളിലെ 16000-ത്തോളം ഉപഭോക്താക്കളാണ് സെക്ഷന്റെ പരിധിയിലുള്ളത്.

സ്ഥലമില്ലാത്തതിനാൽ സ്വന്തം ഓഫീസുമില്ല

വൈദ്യുതിവകുപ്പിന്റെ കലഞ്ഞൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് സ്ഥലം കണ്ടെത്തി നൽകിയാൽ അവിടെ സ്വന്തമായി കെട്ടിടം നിർമിക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി തന്നെ അറിയിച്ചിട്ടുള്ളതാണ്. എന്നാൽ ഇവിടെ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലം കെ.എസ്.ഇ.ബി.യുടെ കെട്ടിട നിർമാണത്തിനായി അനുവദിച്ച് നൽകാൻ തയ്യാറാകാത്തതാണ് പ്രശ്‌നം. ഇവിടെ സ്ഥലം കിട്ടില്ലെങ്കിൽ സമീപത്തുള്ള മറ്റ് പ്രദേശത്ത് എവിടെയെങ്കിലും സ്ഥലം കിട്ടിയാലും അവിടേക്ക് മാറാനും മറ്റ് പ്രദേശങ്ങളിലുള്ള ജനപ്രതിനിധികൾ ബോർഡിൽ സമ്മർദം ചെലുത്തുന്നുമുണ്ട്.