മലയാലപ്പുഴ : വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയരംഗത്ത്‌ പ്രവേശിച്ച മൂന്നുപേരുടെ മത്സരമാണ് മലയാലപ്പുഴ ഡിവിഷനിൽ നടക്കുന്നത്. പ്രചാരണങ്ങളിലും വോട്ടുപിടിത്തത്തിലും കൗശലങ്ങളും ഇവിടെ കൂടുതലാണ്. കഴിഞ്ഞ മൂന്നു ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ്. സ്ഥാനാർഥികളാണ് ഇവിടെ ജയിച്ചത്.

malayalapuzhaഇത്തവണ മണ്ഡലം പിടിക്കണം എന്നുള്ള വാശിയിലാണ് എൽ.ഡി.എഫും. എൻ.ഡി.എ. മുന്നണിയും.

മൈലപ്ര, മലയാലപ്പുഴ, തണ്ണിത്തോട് പഞ്ചായത്തുകൾ പൂർണമായും കോന്നി പഞ്ചായത്തിലെ ആറു വാർഡുകളും അരുവാപ്പുലം പഞ്ചായത്തിലെ നാല് വാർഡുകളും ചേരുമ്പോൾ മലയാലപ്പുഴ ഡിവിഷനായി.

കെ.എസ്.യു.വിലൂടെ പൊതുരംഗത്ത്‌ എത്തിയ സാമുവേൽ കിഴക്കുപുറം ആണ് യു.ഡി.എഫ്. സ്ഥാനാർഥി.

ജിജോ മോഡിയാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. ബി.ജെ.പി. കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജി.മനോജ് കുമാർ ആണ് ബി.ജെ.പി. സാരഥി. കെ.എസ്.യു.വിന്റെ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായിരുന്ന സാമുവേൽ കിഴക്കുപുറം കെ.എസ്.യു.വിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, ഡി.സി.സി. അംഗം, ഒ.ഐ.സി.സി. ബഹ്‌റൈൻ സ്ഥാപക പ്രസിഡന്റ്, രക്ഷാധികാരി, കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ബഹ്‌റൈൻ, മലയാലപ്പുഴ പഞ്ചായത്ത് അംഗം, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ പത്തനംതിട്ട ഡി.സി.സി. ജനറൽ സെക്രട്ടറിയാണ്. വെട്ടൂർ തുണ്ടത്തിൽ ചാക്കോ ജോർജിന്റെ മകനാണ്.

എൽ.ഡി.എഫ്. സ്ഥാനാർഥി അട്ടച്ചാക്കൽ മോഡിയിൽ ജിജോ മോഡി ഐ.എൻ.ടി.യു.സി. യൂണിയൻ അട്ടച്ചാക്കൽ മേഖലാ സെക്രട്ടറിയായ ജോർജ് മോഡിയുടെ മകനാണ്. കൊന്നപ്പാറ വി.എൻ.എസ്. കോളേജ് യൂണിയൻ ചെയർമാനായിരുന്നു. എസ്.എഫ്.ഐ. കോന്നി ഏരിയാ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ. കോന്നി ബ്ളോക്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

സി.പി.എം. കോന്നി താഴം ലോക്കൽ സെക്രട്ടറി, കോന്നി മാർക്കറ്റിങ് ഫിനാൻഷ്യൽ ഡയറക്ടർ ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ടി.വി.ചാനലിന്റെ ക്യാമറാമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ.യുടെ രക്തദാനസേനയുടെ പ്രധാന ചുമതലക്കാരനായും പ്രവർത്തിക്കുന്നു. കോവിഡ് കാലത്ത് മൈക്രോ ഗ്രീൻ കൃഷി, നിറം ടോക്ക് ഷോ എന്നിവ ഇദ്ദേഹത്തിന്റെ ചുമതലയിൽ നടപ്പിലാക്കി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കന്നിപോരാട്ടമാണ്.

മൾട്ടി നാഷണൽ കമ്പനിയിലെ ജോലി ഉപേക്ഷിച്ച്‌ രാഷ്ട്രീയപ്രവർത്തകനായ ആളാണ് ജി.മനോജ്. മലയാലപ്പുഴ പഞ്ചായത്ത് അംഗമാണ്.

ബി.ജെ.പി. കോന്നി നിയോജകമണ്ഡലം പ്രസിഡന്റുമാണ്. ലോക്ഡോൺ കാലത്ത്‌ വീടുകളിൽ പച്ചക്കറി, പലവ്യഞ്ജനം എന്നിവ നേരിട്ട് എത്തിക്കാൻ മുൻനിരയിലുണ്ടായിരുന്നു. ആർ.എസ്.എസ്. പ്രവർത്തകനാണ്. എ.ബി.വി.പി., ബാലഗോകുലം എന്നിവയുടെ മികച്ച സംഘാടകനാണ്.