വിതരണം ചെയ്യുന്നത് 12.61 കോടി
പത്തനംതിട്ട : ജില്ലയിലെ 43,041 പേർക്ക് 12.61 കോടി രൂപ പെൻഷനായി ലഭിക്കും. സഹകരണ ബാങ്കുകൾവഴി വീടുകളിൽ എത്തിക്കുന്ന സാമൂഹികസുരക്ഷാ പെൻഷനുകൾ ജില്ലയിൽ മാർച്ച് 26 മുതൽ വിതരണം ചെയ്തുതുടങ്ങി.
2019 ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ തുകയാണ് ജില്ലയിലെ 101 സഹകരണ ബാങ്കുകൾ മുഖേന വീടുകളിൽ എത്തിക്കുന്നത്. പെൻഷൻ വിതരണത്തിനുള്ള തുക ബന്ധപ്പെട്ട സഹകരണ ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്. ജില്ലയിലെ 43,041 പേർക്കാണ് സഹകരണ ബാങ്കുകൾവഴി വീടുകളിൽ സാമൂഹിക സുരക്ഷാ പെൻഷനുകൾ എത്തിക്കുന്നത്.
ബാങ്കുകളിലെത്തി നേരിട്ട് കൈപ്പറ്റാൻ പ്രയാസം നേരിടുന്നവരാണു സഹകരണബാങ്ക് മുഖേന പണം വീടുകളിൽ എത്തിക്കുന്നത്. സഹകരണ ബാങ്കുകളിലെ കമ്മിഷൻ ഏജന്റുമാരാണു സാമൂഹിക പെൻഷൻ വീടുകളിൽ എത്തിക്കുന്നത്.
കൊറോണ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ സാമൂഹികസുരക്ഷാ പെൻഷൻ വിതരണം നടത്തുന്ന സഹകരണ സ്ഥാപനങ്ങൾ ആവശ്യമായ എല്ലാ മുൻകരുതലും സ്വീകരിച്ച് സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ പാലിച്ച് പെൻഷൻ വിതരണം പൂർത്തിയാക്കുമെന്ന് ജോയിന്റ് രജിസ്ട്രാർ എം.ജി. പ്രമീള അറിയിച്ചു.
പെൻഷൻ വിതരണത്തിന് നിയോഗിക്കപ്പെടുന്നവർക്ക് യാത്രചെയ്യുന്നതിന് ആവശ്യമായ രേഖ സഹകരണ ബാങ്കിൽനിന്നു നൽകാൻ ജോയിന്റ് രജിസ്റ്റാർ നിർദേശം നൽകിയിട്ടുണ്ട്.
വിതരണം ചെയ്യുന്നത് 12.61 കോടി കർഷക പെൻഷൻ 1,52,32,800 രൂപ, വാർധക്യകാല പെൻഷൻ 7,79,93,000 രൂപ, ഭിന്നശേഷി പെൻഷൻ 1,23,00700 രൂപ, അവിവാഹിതരായ സ്ത്രീകൾക്കുള്ള സാമൂഹിക പെൻഷൻ 10,18,200 രൂപ, വിധവ പെൻഷൻ 1,97,71,800 രൂപ ഉൾപ്പെടെ മൊത്തം 12,61,16,500 രൂപയാണ് ലഭിച്ചിട്ടുള്ളത്.