പത്തനംതിട്ട : കോൺഗ്രസിലെ കെട്ടുറപ്പില്ലായ്മവാണ്‌ ജയസാധ്യത ഇല്ലാതാക്കിയതെന്ന പരാതിയുമായി കെ.പി.സി.സി. സമിതിക്ക് മുന്നിൽ സ്ഥാനാർഥികൾ. അതേസമയം, ജില്ലാ നേതൃത്വത്തിനെതിരേയായിരുന്നു ചില നേതാക്കളുടെ ഒളിയമ്പ്.

ഗ്രൂപ്പടിസ്ഥാനത്തിൽ ഭാരവാഹികളെ നിശ്ചയിക്കുന്ന സമീപനം തിരുത്താൻ നേതൃത്വം തയ്യാറാകണമെന്നായിരുന്നു മറ്റുചിലരുടെ ആവശ്യം. നിയമസഭാ തിരഞ്ഞടുപ്പിൽ ജില്ലയിൽ കോൺഗ്രസിനും യു.ഡി.എഫിനുമേറ്റ സമ്പൂർണ തോൽവി പഠിക്കാനെത്തിയ കെ.പി.സി.സി.യുടെ മൂന്നംഗ സമിതിക്ക് മുന്നിലായിരുന്നു പരാതി പ്രവാഹം.

അടൂർ, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ പരാജയത്തിന്റെ കാരണങ്ങളാണ് സമിതി തേടിയത്. തിരുവല്ലയിൽ യു.ഡി.എഫിനായി മത്സരിച്ച ജോസഫ് വിഭാഗം സ്ഥാനാർഥി കുഞ്ഞുകോശി പോളിനെ സമിതിയംഗങ്ങൾ, മണ്ഡലത്തിലെത്തി നേരിൽകണ്ടാണ് വിശദാംശം തേടിയത്. അടൂരിൽ സ്ഥാനാർഥിയെന്നനിലയിൽ എം.ജി.കണ്ണൻ മികച്ച പ്രവർത്തനം നടത്തിയിട്ടും കെ.പി.സി.സി. നേതൃത്വത്തിന്റെയോ ഡി.സി.സി.യുടെയോ കാര്യമായ പിന്തുണ കിട്ടിയില്ലെന്ന് ആക്ഷേപമുയർന്നു. ജില്ലയിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിച്ച മറ്റു മൂന്ന് മണ്ഡലങ്ങളിലും രാഹുൽ ഗാന്ധി പ്രചാരണത്തിനെത്തിയിരുന്നു. പാർട്ടിക്ക് ജയസാധ്യത കൽപ്പിക്കപ്പെട്ടിരുന്ന അടൂരിൽ രാഹുൽ ഗാന്ധിയെ എത്തിക്കാൻ ശ്രമമുണ്ടായില്ല. പന്തളത്ത് ശശി തരൂർ എം.പി. റോഡ് ഷോയ്ക്കായി എത്തുമെന്ന് അറിയിച്ചതനുസരിച്ച് ആവശ്യമായ ക്രമീകരണം നടത്തി. എന്നിട്ടും, ശശി തരൂർ എത്തിയില്ല. കണ്ണന്റെ മികവും സാമുദായിക പിന്തുണയും വിജയമാക്കാൻ പറ്റാതിരുന്നത് സംഘടനാസംവിധാനത്തിലെ വീഴ്ചയാണെന്നും ചിലർ പരാതിപ്പെട്ടു.

അമിത ആത്മവിശ്വാസമാണ് റാന്നിയിൽ തിരിച്ചടിയായതെന്നും വിമർശനമുയർന്നു. സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുയർന്ന എതിർപ്പ് പരിഗണിക്കുന്നതിനോ പരിഹരിക്കുന്നതിനോ കാര്യമായ ശ്രമമുണ്ടായില്ല. തിരുവല്ലയിൽ കോൺഗ്രസ് മത്സരിച്ചിരുന്നെങ്കിൽ വിജയിക്കാമെന്നായിരുന്ന വാദവും സമിതിക്ക് മുന്നിലെത്തി. അല്പം സമ്മർദംകൂടി ചെലുത്തിയിരുന്നെങ്കിൽ ജോസഫ് വിഭാഗത്തിൽനിന്നു തിരുവല്ല സീറ്റ് കോൺഗ്രസിന് ലഭിച്ചേനെയെന്നുമായിരുന്നു ചിലരുടെ അഭിപ്രായം.

തിരുവല്ല സീറ്റ് ആവശ്യപ്പെട്ട് ചില കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തെത്തിയത് അനാവശ്യ വിവാദത്തിന് കാരണമായെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ നിലപാട്. സീറ്റ് നിശ്ചയിച്ചിട്ടും തർക്കമുയർത്തി. കോൺഗ്രസ് നേതാവ് കെ.വി.തോമസ് ഇടപെട്ടശേഷമാണ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്താൻപോലും കഴിഞ്ഞതെന്നുമായിരുന്നു ജോസഫ് വിഭാഗത്തിന്റെ വിമർശനം.

മുൻ എം.എൽ.എ. പി.ജെ.ജോയി അധ്യക്ഷനായ കെ.പി.സി.സി. സമിതിയിൽ ആർ.എസ്.പണിക്കർ, വി.ആർ.പ്രതാപൻ എന്നിവരും അംഗങ്ങളാണ്. കോന്നി, ആറന്മുള മണ്ഡലത്തിലെ പരാജയം വിലയിരുത്താൻ ഒാഗസ്റ്റ് അഞ്ചിന് സമിതി വീണ്ടുമെത്തും.