അടൂർ : കോവിഡ് കാലത്ത് പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അടൂരിൽ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വകാര്യ ബസുടമകൾ ഉപവാസസമരം നടത്തി. ഡീസലിന്റെയും ടയർ, സ്പെയർ പാർട്‌സ്‌, ഓയിൽ എന്നിവയുടെയും വിലവർധന ബസ് മേഖലയെ പ്രതിസന്ധിയിലാക്കി. പൊതുഗതാഗതം സംരക്ഷിക്കുകയും ഡീസലിന് സബ്സിഡി നൽകുകയും വേണം.

പെർമിറ്റുകൾ പുതുക്കിനൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. അടൂർ നഗരസഭാ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്തു. കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അടൂർ പന്തളം മേഖലാ പ്രസിഡൻറ് ലിജു മംഗലത്ത് അധ്യക്ഷനായി. സെക്രട്ടറി അനിൽ ഹരിശ്രീ, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി.ഹർഷകുമാർ, കെ.പി.സി.സി.നിർവാഹകസമിതിയംഗം തോപ്പിൽ ഗോപകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടം, ബി.ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് തെങ്ങമം, അഡ്വ. എസ്.മനോജ്, അലാവുദീൻ, അനശ്വര രാജൻ, ഏഴംകുളം അജു എന്നിവർ പങ്കെടുത്തു.