സീതത്തോട് : മീൻകുഴിയിലെ ജനവാസകേന്ദ്രത്തിൽ വീണ്ടും പുലിയിറങ്ങി വീട്ടിൽ കെട്ടിയിട്ടിരുന്ന പട്ടിയെ പിടികൂടി. വടക്കേക്കര ചരിവുപാറയ്ക്കൽ ശശിയുടെ പട്ടിയെയാണ് പുലി കൊന്നത്. രണ്ടാഴ്ച മുമ്പ് ഇവരുടെ അയൽവാസിയുടെ വീട്ടിൽ പുലി പട്ടിയെ പിടികൂടിയിരുന്നു. പുലിയുടെ സാന്നിധ്യം ഈ മേഖലയിൽ ശക്തമാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ട് വീടുകളിൽനിന്ന് നായ്ക്കളെ പിടിക്കാൻ ശ്രമം നടത്തിയിരുന്നു. രാത്രി വളർത്തുനായ്ക്കളുടെ അലമുറകേട്ട് വീട്ടുകാർ ഉണർന്നെണീറ്റ് ബഹളം കൂട്ടിയതോടെ പുലി ഇരുളിലേക്ക് മറഞ്ഞു.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വനംവകുപ്പ് നിരീക്ഷണക്യാമറ സ്ഥാപിച്ചു. ചിറ്റാർ പഞ്ചായത്തിലെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെല്ലാം വന്യമൃഗശല്യം രൂക്ഷമാണ്. ഒരാഴ്ച മുമ്പ് കാട്ടാനയുടെ പിടിയിൽനിന്ന് റഫീക് എന്ന യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു.

വന്യമൃഗശല്യം രൂക്ഷമാണെങ്കിലും വനം വകുപ്പ് മേഖലയിൽ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. കാർഷികവിളകൾ നഷ്ടമാകുന്ന കർഷകർക്ക് നഷ്ടപരിഹാരംപോലും നേരാംവണ്ണം നൽകുന്നില്ല. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെല്ലാം വളരെ ഭയപ്പാടിലാണ് കഴിയുന്നത്.

പ്രതിരോധം തീർക്കുന്നതിനായി പദ്ധതികളേറെ പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇവയൊന്നും പ്രാവർത്തികമാകുന്നില്ല. കാട്ടാന കൃഷിനശിപ്പിക്കുന്ന വിവരം അറിയിച്ചാൽ പോലും വനപാലകർ സ്ഥലത്ത് എത്താൻ വിമുഖതകാട്ടുന്നതായി പരാതിയുണ്ട്. റബ്ബർടാപ്പിങ്ങിനും കൃഷിപ്പണികൾക്കുമായി കൃഷിയിടത്തിലിറങ്ങാൻപോലും ചില സ്ഥലങ്ങളിൽ കർഷകർ ഭയപ്പെടുകയാണ്.