അടൂർ : അന്താരാഷ്ട്രവിപണിയിൽ ഏറെ ആവശ്യക്കാരുള്ള ഉയർന്ന നിലവാരത്തിലെ ന്യൂജൻ മയക്കുമരുന്നുകൾ ജില്ലയിലും വ്യാപകമാകുന്നതായി സൂചന. കഴിഞ്ഞ ദിവസം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായ യുവാവിൽനിന്ന് കണ്ടെത്തിയത് മാക്സ് ജെല്ലി എക്സ്റ്റസി' എന്നറിയപ്പെടുന്ന എം.ഡി.എം.എ.യും നൈട്രോ സപാം ഗുളികകളുമാണ്. 875 ഗ്രാം എം.ഡി.എം.എ.യാണ് രണ്ട് ചെറിയ പ്ലാസ്റ്റിക് കവറുകളിലായി കണ്ടെത്തിയത്. ഗുരുതരമായ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന ഒന്നാണ് എം.ഡി.എം.എ. നിശാപാർട്ടികളിൽ പങ്കെടുന്നവരാണ് ഇത് ഉപയോഗിക്കുന്നവരിൽ കൂടുതലും. കൂടുതൽ സമയം ലഹരി നിൽക്കുന്നതിനാലാണ് ഇതിന് ആവശ്യക്കാർ ഏറുന്നതെന്ന് എക്സൈസ് അധികൃതർ പറയുന്നു. ഇതിനായി ജില്ലയിൽ ചെറപ്പക്കാരായ ഏജന്റുമാരും പ്രവർത്തിക്കുന്നതായി സൂചനയുണ്ട്.

ദൂഷ്യഫലങ്ങൾ

ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ചക്കുറവ് എന്നിവ സംഭവിക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്

സിന്തറ്റിക് ലഹരി

ന്യൂജൻ സിന്തറ്റിക് ലഹരിയിൽപെടുന്നയിനമാണ് എം.ഡി.എം.എ. രാസവസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന ഇവ ബെംഗളൂരു, കൊച്ചി നഗരങ്ങളിലാണ് കൂടുതലും കണ്ടുവരുന്നത്. ബെംഗളൂരു ഭാഗത്ത് പഠിക്കുന്ന വിദ്യാർഥികൾ നാട്ടിൽ വരുമ്പോൾ ഇത് കൊണ്ടുവരുന്നതായി എക്സൈസ് പറയുന്നു.

തിരിച്ചറിയാൻ

അസാധാരണമായി കറൻസിനോട്ടുകൾ ചുരുണ്ടുകിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ലഹരി ഉപയോഗിക്കുന്നവർ സമീപത്തുണ്ടെന്ന് മനസ്സിലാക്കാം. അടൂരിൽനിന്ന് പിടിക്കപ്പെട്ടവർ താമസിച്ച സ്ഥലത്ത് ഇത്തരത്തിൽ നോട്ടുകൾ എക്സൈസ് കണ്ടെത്തിയിരുന്നു.

പിടിച്ചത് ഇങ്ങനെ

ആദിക്കാട്ടുകുളങ്ങര കണ്ടിലേത്ത് വീട്ടിൽ ഷെൽജൂത്തിനെ(23) ആണ് എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന്റെ രഹസ്യാന്വേഷണത്തിൽ പിടിച്ചത്. അടൂരിൽ ഇത്തരം മയക്കുമരുന്നുകൾ വിതരണംചെയ്യുന്ന ഒരുസംഘം പ്രവർത്തിക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടുമാസമായി ഇന്റലിജൻസ് വിഭാഗം തീവ്ര അന്വേഷണത്തിലായിരുന്നു. തിങ്കളാഴ്ച രാത്രി പത്തരയ്ക്ക് കാറിൽനിന്നാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്.

എക്സൈസ് സെപ്ഷ്യൽ സ്ക്വാഡ് സി.ഐ ഷിജു, എക്സൈസ് ഇൻ്റലിജൻസ് വിഭാഗം പ്രിവൻ്റീവ് ഓഫീസർമാരായ മനോജ് കുമാർ, ഹരീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിമൽ, ബിനു വർഗീസ്, രാജേഷ്, മനോജ് കുമാർ, സുൽഫിക്കർ, ആകാശ് മുരളി എന്നിവർ അറസ്റ്റിന് നേതൃത്വം വഹിച്ചു.