കലഞ്ഞൂർ : കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിൽ ഇനിടൊരു ക്വാറികൂടി അനുവദിക്കരുതെന്ന് ജനപ്രതിനിധികളും നാട്ടുകാരും പൊതു ഹിയറിങ്ങിൽ ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതിക്കായി കാരയ്ക്കാക്കുഴിയിൽ അനുവദിക്കുന്ന ക്വാറിയുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പൊതു ഹിയറിങ്ങാണ് നാടിന്റെ പരിസ്ഥിതി സംരക്ഷണത്തിനായി ഇനി ക്വാറി അനുവദിക്കരുതെന്ന് അഭിപ്രായം ഉയർത്തിയത്.
സംസ്ഥാന ചീഫ് എൻവൈൺമെന്റൽ എൻജിനീയർ സിന്ധു രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് വകയാറിൽ പൊതു ഹിയറിങ് നടത്തിയത്. പുതിയ പാറമട അനുവദിക്കാതിരിക്കുന്നതിനൊപ്പം നിലവിലുള്ള പാറമടകളുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക പഠനം ബന്ധപ്പെട്ട വകുപ്പിലെ വിദഗ്ധരെക്കൊണ്ട് നടത്തിക്കണമെന്നും ആവശ്യമുയർന്നു.
എ.ഡി.എം. അലക്‌സ് പി.തോമസ്,അടൂർ ആർ.ഡി.ഒ. എസ്.ഹരികുമാർ,ജില്ലാ പരിസ്ഥിതി എൻജിനീയർ വി.സുചിത്ര, അസിസ്റ്റന്റ് എൻജിനീയർ എ.എ.പ്രവിതമോൾ എന്നിവരും പങ്കെടുത്തു.
പ്രദേശത്തുനിന്ന് നൂറോളം പേരാണ് ഹിയറിങ്ങിനായി എത്തിയത്.ഇതിൽ പങ്കെടുത്ത ജനപ്രതിനിധികളും നാട്ടുകാരും എല്ലാം ഇനിയൊരു ക്വാറി കലഞ്ഞൂർ പഞ്ചായത്തിൽ വേണ്ട എന്ന നിലപാടാണ് എടുത്തത്. നിലവിൽ കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിലെ പാരിസ്ഥിതിക അവസ്ഥ വളരെ ദുർബലമാണെന്നും അതിനാൽ പുതിയൊരു ക്വാറി പോലും അനുവദിക്കാൻ കഴിയില്ലെന്നും പഞ്ചായത്ത് ഭരണസമിതിയുടെ ഐകകണ്ഠ്യേനയുള്ള തീരുമാനവും പ്രസിഡന്റ് ടി.വി.പുഷ്പവല്ലി ഹിയറിങ്ങിൽ വ്യക്തമാക്കി.പുതിയ ക്വാറികൾ അനുവദിക്കുന്ന തീരുമാനം പിൻവലിക്കണമെന്നും പ്രദേശത്ത് അടിയന്തരമായി പാരിസ്ഥിതിക പഠനമാണ് വേണ്ടതെന്നും ജില്ലാ പഞ്ചായത്തംഗം വി.ടി.അജോമോൻ പറഞ്ഞു.നിലവിൽ യാതൊരുവിധ പഠനവും നടത്താതെയുള്ള പാരിസ്ഥിതിക റിപ്പോർട്ടാണ് സ്വകാര്യ കമ്പനി ഹാജരാക്കിയിട്ടുള്ളതെന്നും അതിനാൽ അത് തള്ളി കളഞ്ഞ് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിന് അധികൃതർ തയ്യാറാകണമെന്ന് മലമുഴക്കികൾ പരിസ്ഥിതി സംഘടന കൺവീനർ ഫാ.തോമസ് പി.മുകളിൽ പറഞ്ഞു.
കലഞ്ഞൂർ പഞ്ചായത്തിലെ ബി.ജെ.പി. അംഗങ്ങളായ പി.എസ്.അരുൺ,രമാ സുരേഷ്, മനു എന്നിവർ പഞ്ചായത്തിൽ ഇനിയൊരു ക്വാറി വേണ്ട എന്ന പ്ലക്കാർഡുമായിട്ടാണ് പങ്കെടുത്തത്.
ഇഞ്ചപ്പാറ നാലാം വാർഡിൽ ഏറ്റവുമധികം പരിസ്ഥിതി പ്രശ്‌നമുള്ള പ്രദേശമായതിനാൽ പുതിയൊരു ക്വാറികൂടി അനുവദിക്കരുതെന്ന് വാർഡംഗം ആശാ സജി പറഞ്ഞു. പ്രദേശത്ത് ക്വാറി അനുവദിക്കണമെന്ന ആവശ്യവുമായി നാല് പേർ രംഗത്തെത്തി.
ഹിയറിങ്ങിൽ സംഘർഷം
കലഞ്ഞൂർ : കാരയ്ക്കാക്കുഴിയിൽ അനുവദിക്കുന്ന ക്വാറിക്കായി നടത്തിയ പൊതു ഹിയറിങ്ങിൽ സംഘർഷവും. പാറമടയ്ക്ക് എതിരേ സംസാരിക്കുന്നവർക്ക് നേരെ അനുകൂലിക്കുന്ന കുറച്ചുപേർ തർക്കവുമായി എത്തിയതാണ് കാരണം. ജനങ്ങൾ അഭിപ്രായം പറയുന്നതിനിടയിൽ ക്വാറിയെ അനുകൂലിക്കുന്നവർ എഴുന്നേറ്റ് നിന്ന് സംസാരിച്ചത് ഉന്തിലും തള്ളിലും കലാശിച്ചു.
അടൂർ ആർ.ഡി.ഒ. എസ്.ഹരികുമാർ വേദിയിൽനിന്നിറങ്ങിവന്നാണ് ഇവരെ അനുനയിപ്പിച്ചത്. ക്വാറിക്ക് അനുകൂലമായി സംസാരിക്കുന്നതിന് പണം നൽകി ആളുകളെ കൊണ്ടുവന്നെന്ന ആരോപണമാണ് തർക്കത്തിന് കാരണമായത്. ഇതിനുശേഷം വേദിക്ക് പുറത്ത് സമരസമിതി പ്രവർത്തകനെ പോലീസ് മർദിച്ചതും വലിയ പ്രതിഷേധത്തിനിടയാക്കി.
പണം നൽകുന്നത് കാരയ്ക്കാക്കുഴി സ്വദേശിയായ മനു എന്ന സമരസമിതി പ്രവർത്തകൻ മൊബൈലിൽ പകർത്തിയപ്പോഴാണ് പോലീസുകാരൻ എത്തി മർദിച്ചതെന്നാണ് ആരോപണം. തുടർന്ന് മനുവിനെ വലിച്ചിഴച്ച് പോലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് മാറ്റിയതും പ്രതിഷേധത്തിന് കാരണമായി.
പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണം- എം.എൽ.എ.
പബ്ലിക് ഹിയറിങ് സ്ഥലത്ത് ഹാജരായ യുവാവിനെ അകാരണമായി മർദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരേ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി അഡ്വ. കെ.യു.ജെനീഷ് കുമാർ എം.എൽ.എ. പറഞ്ഞു.
പാറ ഖനനത്തിനെതിരേ നിലപാടെടുത്ത് രംഗത്തുവന്ന യുവാവിനെ പരസ്യമായി കോന്നി സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥർ മർദിക്കുകയായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്.
ഇതിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥന്റ താല്പര്യവും അന്വേഷണത്തിനു വിധേയമാക്കണം. എൽ.ഡി.എഫ്. സർക്കാരിന്റെ നയത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനെയും സർക്കാർ സംരക്ഷിക്കില്ല- എം.എൽ.എ. പറഞ്ഞു.