റാന്നി : റാന്നി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെതിരേ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാതിരുന്ന കേരള കോൺഗ്രസ്(ജോസഫ്) വിഭാഗം അംഗം സച്ചിൻ വയലായ്ക്ക് എതിരേ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കേസെടുത്തതായി ഭരണസമിതിയിലെ സ്വതന്ത്ര അംഗം കെ.ആർ.പ്രകാശ് പറഞ്ഞു.

കൂറുമാറ്റം നടത്തിയെന്നാരോപിച്ച്് പ്രകാശ് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബി.ജെ.പി.യുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് പാർട്ടി ജില്ലാ പ്രസിഡന്റ് വിപ്പ്‌ നൽകിയിട്ടും സച്ചിൻ വിട്ടുനിന്നതെന്നാണ് പ്രകാശിന്റെ ആരോപണം. എന്നാൽ കേസ് സംബന്ധിച്ച് ഒരു വിവരവും അറിയില്ലെന്ന് സച്ചിൻ വയല പറഞ്ഞു.

എൽ.ഡി.എഫ്.-ബി.ജെ.പി.പിന്തുണയോടെ പ്രസിഡന്റായ കേരള കോൺഗ്രസ്(എം) അംഗമായിരുന്ന ശോഭാ ചാർളിക്കെതിരേയാണ് യു.ഡി.എഫ്. അവിശ്വാസംകൊണ്ടുവന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ശോഭാ ചാർളി ബി.ജെ.പി.യുമായി ധാരണയുണ്ടാക്കിയിരുന്നു.

അവിശ്വാസപ്രമേയ നോട്ടീസിൽ സച്ചിൻ ഒപ്പിട്ടിരുന്നില്ല. ഒപ്പിട്ട നാല് കോൺഗ്രസംഗങ്ങളും പ്രകാശും മാത്രമേ അവിശ്വാസപ്രമേയ അവതരണ യോഗത്തിലും എത്തിയുള്ളൂ. സച്ചിൻ വയലായും എൽ.ഡി.എഫ്.-ബി.ജെ.പി.അംഗങ്ങളും എത്തിയിരുന്നില്ല.

ക്വാറം തികയാത്തതിനാൽ യോഗം ചേരാനായില്ല. കുടുംബാംഗത്തിന് കോവിഡ് പോസിറ്റീവായതിനാൽ നിരീക്ഷണത്തിലായിരുന്നതിനാലാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് സച്ചിൻ അന്ന് നൽകിയ വിശദീകരണം.

വിപ്പ് നൽകിയിട്ടും യോഗത്തിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്നാണ് പ്രകാശ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. നേരത്തെ ശോഭാ ചാർളിക്കെതിരേ പ്രകാശ് നൽകിയ ഹർജിയിൽ കേസ് നടന്നുവരുകയാണ്.