കോഴഞ്ചേരി : പൊങ്ങാനംതോട്ടിലെ അനധികൃത കൈയേറ്റം കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള സർവേ മൂന്നാംദിവസം പിന്നിട്ടു. താലൂക്ക് സർവേയർമാർ നടത്തുന്ന പരിശോധനയിൽ നിരവധി കൈയേറ്റങ്ങൾ കണ്ടെത്തി.

മുത്തൂറ്റ് നഴ്സിങ്‌ കോളേജിലേക്കുള്ള റോഡിന്റെ വശത്തുകൂടി ഒഴുകുന്ന പൊങ്ങനാംതോടിന്റെ വീതി സർവേ പ്രകാരം ഒൻപതുമീറ്ററോളം ആണെങ്കിൽ നിലവിലെ തോടിന്റെ വീതി രണ്ടുമീറ്റർ മാത്രമാണ്.

പെന്തകോസ്ത് ഹാളിലോട്ടുള്ള റോഡ് പൂർണമായും െെകയേറ്റമാണെന്ന് കണ്ടെത്തി. ഇവിടെ സർവേ പ്രകാരം 6.5 മീറ്റർ തോടിന് വീതിയുള്ളപ്പോൾ നിലവിൽ തോടിന്റെ വീതി രണ്ടുമീറ്ററാണെന്നും കണ്ടെത്തി. പൊങ്ങനാംതോട്ടിലേക്ക് മാലിന്യം തള്ളുന്നത് കോഴഞ്ചേരിയിലെ മൂന്ന് സ്വകാര്യ ആശുപത്രികളും തോടിന് സമീപത്തെ ഹോട്ടലുകളുമാണെന്ന് മാതൃഭൂമി നേരത്തേ റിപ്പോർട്ടുചെയ്തിരുന്നു.

പൊങ്ങനാംതോട്ടിലെ മാലിന്യംമൂലം കോഴഞ്ചേരി പിച്ചനാട്ട് കോളനിയിൽ നിരവധിപേർ കിഡ്‌നി, ത്വക്ക്, കാൻസർ രോഗബാധിതരായി ചികിത്സയിലായതും ശ്രദ്ധയിൽപ്പെടുത്തി. ഇതേത്തുടർന്നാണ് തോട് മാലിന്യമുക്തമാക്കാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും നടപടികൾ ആരംഭിച്ചത്.

ജില്ലാപഞ്ചായത്ത് മെംബർ സാറാ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, ഗ്രാമപ്പഞ്ചായത്ത് മെംബർമാരായ ഗീതു മുരളി, ബിജോ പി.മാത്യു എന്നിവർ സ്ഥലം സന്ദർശിച്ച് സർവേയുടെ പുരോഗതി വിലയിരുത്തി.