അടൂർ : നഗരസഭയിലും പന്തളം തെക്കേക്കരയിലും കേരഗ്രാമം പദ്ധതിക്കായി പണം അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കൃഷിമന്ത്രി പി.പ്രസാദിന് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.

നാളികേരത്തിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കുന്നതിനായി രോഗം ബാധിച്ചതും പ്രായം ചെന്നതുമായ തെങ്ങുകൾ വെട്ടിമാറ്റി പുതിയ തൈകൾ നടുക, സംയോജിത കീടരോഗ നിയന്ത്രണം, സംയോജിത വളപ്രയോഗം, ഇടവിളകൃഷി പ്രോത്സാഹിപ്പിക്കൽ, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, മൂല്യവർധിത ഉത്പന്നങ്ങളുടെ പ്രോത്സാഹനം, ഗുണമേന്മയുള്ള തൈതകൾ ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്.

നാളികേരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നടപ്പാക്കിവരുന്ന സമഗ്ര നാളികേര വികസനപദ്ധതിയായ കേരഗ്രാമം അടൂരിലും പന്തളം തെക്കേക്കരയിലും നടപ്പാക്കിയതുവഴി നാളികേര വികസന രംഗത്ത് മണ്ഡലത്തിൽ വലിയ പുരോഗതി ഉണ്ടാക്കാൻ സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.