സീതത്തോട് : സീതത്തോട് ഹൈസ്കൂൾ പടി റോഡിൽ മുല്ലശ്ശേരിപടിക്ക് സമീപം സംരക്ഷണഭിത്തിയിടിഞ്ഞ് റോഡ് അപകടനിലയിലായി. രണ്ടുമാസം മുമ്പാണ് സംരക്ഷണഭിത്തി ഇടിഞ്ഞുതുടങ്ങിയത്.

തകരാറ് പരിഹരിക്കാൻ ഇനിയും നടപടിയായിട്ടില്ല. തുടക്കത്തിൽ ചെറിയതോതിലാണ് റോഡിന്റെ ഭിത്തി ഇടിഞ്ഞിരുന്നതെങ്കിലും ഇപ്പോഴത് കൂടുതൽ ഇടിഞ്ഞ് അപകടാവസ്ഥ വർധിച്ചിരിക്കുകയാണ്. നിരവധി തവണ നാട്ടുകാർ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതായും പറയുന്നു.

റോഡ് ഇടിഞ്ഞ സ്ഥലത്ത് നാട്ടുകാർതന്നെ കല്ലുവെച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സീതത്തോട് ടൗണിൽനിന്ന് തേക്കുംമൂട്, വെട്ടോലിപ്പടി ഭാഗത്തേക്കുപോകുന്ന റോഡാണിത്. സീതത്തോട് കെ.ആർ.പി.എം. ഹയർ സെക്കൻഡറി സ്കൂൾ, പ്രാഥമികാരോഗ്യ കേന്ദ്രം, കൃഷിഭവൻ, മൃഗാശുപത്രി, ദേവീക്ഷേത്രം തുടങ്ങി നിരവധി പൊതുസ്ഥാപനങ്ങളിലേക്കുള്ള നൂറുകണക്കിനാളുകളും വാഹനങ്ങളും കടന്നു പോകുന്ന റോഡാണിത്. ഇനി സ്കൂളുകൾകൂടി തുറക്കുന്നതോടെ ഏതുസമയവും ഈ റോഡിൽ തിരക്കുതന്നെയായിരിക്കും.റോഡിനോടുചേർന്നുള്ള തോട്ടിൽ ഒഴുക്ക് ശക്തമായാൽ റോഡ് കൂടുതൽ ഇടിയാൻ സാധ്യതയുണ്ട്.