പത്തനംതിട്ട : ആവശ്യത്തിന് ബസുണ്ട്... ജീവനക്കാരുമുണ്ട്... എന്നിട്ടും കെ.എസ്.ആർ.ടി.സി.ക്ക് ഓടാൻ വയ്യ. ശരിക്കും നാഥനില്ലാക്കളരിയുടെ അവസ്ഥ. ഒരുദിവസം എത്ര ഷെഡ്യൂൾ ഓടുന്നുണ്ടെന്ന് ചോദിച്ചാൽ കൈമലർത്തിക്കാണിക്കും. ലോക്ഡൗണിന് ശേഷമുള്ള കെ.എസ്.ആർ.ടി.സി. പത്തനംതിട്ട ഡിപ്പോയുടെ അവസ്ഥയാണിത്. കോവിഡിന് മുമ്പ് 74 ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്തിരുന്ന ഡിപ്പോയിൽ 48 ഷെഡ്യൂളുകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്.

26 എണ്ണം ഡിപ്പോ അധികൃതർ മുൻകൈയ്യെടുത്ത് പൂട്ടിക്കെട്ടി. ആറ് സൂപ്പർ ഡീലക്സ് ബസുകളാണ് ഒരു വർഷമായി മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് ഡിപ്പോയിൽ കിടക്കുന്നത്. മൈസൂർ, മംഗലാപുരം, ബെംഗളൂർ എന്നിവിടങ്ങളിലേക്ക് ഓടിയിരുന്ന ബസുകളാണിത്. ലോക്ഡൗണിന് ശേഷം ഇതുവരെ ഓടിയിട്ടില്ല. ബസുകൾ വെറുതേ കിടക്കുന്നത് കണ്ട് പത്തനംതിട്ട-മാനന്തവാടി, പത്തനംതിട്ട-സുൽത്താൻബത്തേരി, പത്തനംതിട്ട- തിരുവനന്തപുരം എന്നീ റൂട്ടുകളിൽ രാത്രി സർവീസ് നടത്തിയാൽ ലാഭകരമാകുമെന്ന് യൂണിയനുകൾ പറഞ്ഞെങ്കിലും അധികൃതർ അനങ്ങിയില്ല.

ഓടാത്ത ബസുകളുടെ എണ്ണം ഇനിയുമുണ്ട്. ദീർഘദൂര സർവീസുകളായിരുന്ന കോഴിക്കോട് സൂപ്പർ ഫാസ്റ്റ്, വഴിക്കടവ് ഫാസ്റ്റ്, പാടിച്ചിറ, തൃശ്ശൂർ, എറണാകുളം, ഗുരൂവായൂർ, അമൃത ആശുപത്രി, തിരുവനന്തപുരം തുടങ്ങിയ സർവീസുകളൊന്നും ഇപ്പോളില്ല. പ്രതിദിനം 50,000 രൂപവരെ ലഭിച്ചിരുന്ന കോഴിക്കോട് സൂപ്പർ ഫാസ്റ്റ് ഒരു കാരണവുമില്ലാതെയാണ് നിർത്തിയത്. ഡിപ്പോയുടെ വരുമാനത്തിൽ രണ്ടാം സ്ഥാനമായിരുന്നു വഴിക്കടവ് ഫാസ്റ്റിനുണ്ടായിരുന്നത്. ഒന്നാംസ്ഥാനത്തായിരുന്ന തിരുനെല്ലി സർവീസ് ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥർ ഇടപെട്ടാണ് നിർത്തിച്ചത്.

പത്തനംതിട്ട-ബെംഗളൂർ സർവീസ്: അടുത്തെങ്ങും പ്രതീക്ഷ വേണ്ടാ

പത്തനംതിട്ട-ബെംഗളൂർ സർവീസ് എന്നാരംഭിക്കുമെന്ന് ചോദിച്ചാൽ ഡിപ്പോ അധികൃതർക്കും ഉത്തരമില്ല. സർവീസിന് പൂർണമായും എ.സി. ബസ് വേണമെന്ന് വന്നതോടെയാണ് ഇൗ പ്രതിസന്ധി. മുമ്പുണ്ടായിരുന്ന സ്കാനിയ ബസ് അപകടത്തിൽ പെട്ടതോടെയാണ് സൂപ്പർ ഡീലക്സ് ഓടിച്ചത്. എന്നാൽ എ.സി. ബസ് നിർബന്ധമാക്കിയതോടെ സർവീസ് പ്രതിസന്ധിയിലായി. എ.സി.ബസിനായി പലതവണ ആവശ്യപ്പെട്ടെന്നാണ് ഡിപ്പോ അധികൃതരുടെ വാദം. എന്നാൽ, ഇതുണ്ടായിട്ടില്ലെന്നാണ് യൂണിയനുകൾ പറയുന്നത്. ഫലത്തിൽ ബസ് എന്ന് കിട്ടുന്നോ അന്നുമുതലേ പത്തനംതിട്ട-ബെംഗളൂർ സർവീസ് ഉണ്ടാകൂ എന്നതാണ് സ്ഥിതി.