പത്തനംതിട്ട : സംസ്ഥാനതലത്തിൽ സഹകരണബാങ്കുകളിൽ നടത്തുന്ന തട്ടിപ്പ് തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലും നടത്താമെന്നത് സി.പി.എമ്മിന്റെ സ്വപ്നംമാത്രമാണെന്ന് യു.ഡി.എഫ്. നിക്ഷേപകരുടെ പണമെടുത്ത് മാളികകെട്ടാൻ പാർട്ടിനേതാക്കളെ അവർ അനുവദിക്കില്ലെന്നും ബാങ്ക് മുൻ പ്രസിഡന്റുമാരായ കെ. ജയവർമ, റെജി തോമസ്, യു.ഡി.എഫ്. ഇലക്ഷൻ കൺവീനർ അനീഷ് വരിക്കണ്ണാമല എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

കള്ളവോട്ടിനെ ആശ്രയിക്കേണ്ട ആവശ്യം യു.ഡി.എഫിന് ഇല്ല. അധികാരത്തിന്റെ തണലും കള്ളവോട്ടും കൊണ്ട് ഭരണസമിതി പിടിക്കാനുള്ള കുതന്ത്രങ്ങളാണ് എൽ.ഡി.എഫ്. മെനയുന്നത്. ഇത് മനസ്സിലാക്കിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിരീക്ഷണത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പൂർണ വിശ്വാസമുണ്ട്.

ബാങ്കിൽനിന്നുള്ള തിരിച്ചറിയൽ കാർഡ് കൂടാതെ മറ്റൊരു തിരിച്ചറിയൽ കാർഡു കൂടി വോട്ടർമാർക്ക് നിർബന്ധമാക്കിയത് യു.ഡി.എഫ്. ഇടപെടലിലാണ്. തിരുവല്ല, അടൂർ അർബൻ ബാങ്കുകളുടെ ഭരണം എൽ.ഡി.എഫ്. പിടിച്ചെടുത്തതോടെ രണ്ടും പ്രതിസന്ധിയിലായി.

കോടിക്കണക്കിനു രൂപയുടെ ക്രമക്കേടുകളാണ് എൽ.ഡി.എഫ്. ഭരിച്ച പല സഹകരണ ബാങ്കുകളിലും നടന്നിരിക്കുന്നത്. യു.ഡി.എഫ്. ഭരണത്തിൽ ബാങ്ക് വളർച്ചയുടെ പാതയിലാണ്. പ്രാഥമിക വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് അന്തിമമാക്കുന്നതുവരെ ഒരു വ്യക്തിപോലും ഇലക്ടറൽ ഓഫീസർക്കു പരാതി നൽകിയിട്ടില്ല. ബാങ്കിൽ കോർ ബാങ്കിങ് സംവിധാനം നിലവിലുണ്ട്. സാമ്പത്തികാടിത്തറയ്ക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ല. വിരമിച്ച ജീവനക്കാരുടെ പെൻഷൻ വിഷയത്തിൽ പെൻഷൻ ബോർഡുമായുള്ള തർക്കങ്ങളും നിയമപ്രശ്‌നങ്ങളുമാണ് തടസ്സമെന്നും നേതാക്കൾ വിശദീകരിച്ചു.