റാന്നി : അപ്പോളോ-11-ൽ ഏറി ചന്ദ്രനിലേക്ക് ഉല്ലാസയാത്ര നടത്തിയ അനുഭവവുമായി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ. സ്‌കൂളിലെ നാലുമുതൽ പത്തുവരെയുള്ള കുട്ടികൾക്ക് സാങ്കല്പിക ചാന്ദ്രയാൻ യാത്ര പരിചയപ്പെടുത്തുന്നത് ഐയ്ൻസാറ്റാണ്. ചലച്ചിത്ര സംവിധായകനും കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തുന്ന ഓൺലൈൻ പ്രസ്ഥാനമായ ഐയ്ൻസാറ്റിന്റെ സ്ഥാപകനുമായ ധനോജ് നായിക്കാണ് ഈ അവിസ്മരണീയ മുഹൂർത്തം ഒരുക്കിയത്.

അപ്പോളോ-11-ലെ യാത്രികനും ചന്ദ്രനിൽ ഇറങ്ങിയ രണ്ടാമനുമായ എഡ്വിൻ ആൽഡ്റിന്റെ വേഷത്തിലെത്തിയ ധനോജ് കുട്ടികളോട് നേരിൽ സംവദിക്കുകയും ദൃശ്യങ്ങളുപയോഗിച്ച് ചാന്ദ്രയാത്രയുടെ ഉദ്വേഗജനകമായ ഓരോ ഘട്ടവും രസകരമായി അവതരിപ്പിക്കുകയും ചെയ്തു. ശാസ്ത്രചിന്തയുടെയും കണ്ടുപിടിത്തങ്ങളുടെയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയെന്ന ലക്ഷ്യത്തോടെ പി.ടി.എ.യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാപഞ്ചായത്തംഗം ജെസി അലക്‌സ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.വി.പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.കെ.രാജീവ്, പ്രഥമാധ്യാപിക കെ.പി. അജിത, ബിനീഷ് ഫിലിപ്പ്, ഉഷാകുമാരി, പ്രീത, സുലേഖ, സബിത, ലിൻസി, ദിനേശ്, അജിത എന്നിവർ പ്രസംഗിച്ചു.

സ്‌കൂളിലെ നാലുമുതൽ പത്തുവരെ ക്ളാസിലെ വിദ്യാർഥികൾക്കായി ഐയ്ൻസാറ്റിൽനിന്ന് ഓരോ ദിവസവും ഒരുചോദ്യം അതിന്റെ ഉത്തരത്തിന്റെ വിവരണം എന്നിവ സഹിതമുള്ള ലഘു വീഡിയോകൾ കുട്ടികൾക്ക് ഓൺലൈനിലായി ലഭിക്കുന്നുണ്ടെന്ന് സ്‌കൂളധികൃതർ പറഞ്ഞു.