മല്ലപ്പള്ളി : മുണ്ടമല-കോട്ടയ്ക്കൽപടി-പുറമറ്റം റോഡിൽ ഓടയില്ലാതെ റോഡുപണിയാൻ നീക്കം. തുമ്പിക്കാക്കുഴി ഭാഗത്ത് റോഡരുകിൽ ഉണ്ടായിരുന്ന കാനകൾ മൂടിപ്പോയി. കുറേസ്ഥലം സമീപ പുരയിടക്കാർ കൈയേറിയതായും പരാതിയുണ്ട്.
കാടുപിടിച്ച് കിടക്കുന്ന ഇത്തരം സ്ഥലങ്ങൾ ഒഴിവാക്കി വഴിമാത്രം ടാർചെയ്യുന്നത് അപകടത്തിനിടയാക്കുമെന്ന് യാത്രക്കാർ പറയുന്നു. രണ്ടു മലകളുടെ താഴ്‌വാര പ്രദേശമായതുകൊണ്ട് ഉയർന്ന സ്ഥലങ്ങളിൽനിന്ന് ഇവിടേക്ക് മഴക്കാലത്ത് കനത്ത ഒഴുക്കാണ്. പലയിടത്തും വെള്ളം കെട്ടിനിൽക്കുകയും ചെയ്യുന്നു.
ലക്ഷങ്ങൾ മുടക്കി നിർമിക്കുന്ന പാത ഏതാനും നാളുകൾക്കകം തകരാനിടയാക്കുന്നു. സ്ഥലപരിശോധനയ്ക്ക് എത്തിയ ജില്ലാ പഞ്ചായത്ത് മരാമത്ത് വിഭാഗം ഉദ്യോഗസ്ഥർക്ക് ഇവിടെയുണ്ടായിരുന്ന ഓടയുടെ ഭാഗങ്ങൾ നാട്ടുകാർ കാടു തെളിച്ച് കാണിച്ചുകൊടുത്തു.
അശാസ്ത്രീയമായ റോഡുനിർമാണം ഖജനാവിന് നഷ്ടമുണ്ടാക്കുമെന്നതിനാൽ പാലവയലിലേക്ക് വെള്ളമൊഴുകാൻ കൂടി മാർഗമുണ്ടാക്കണമെന്നും പ്രൊഫ. ഒ.എ.നൈനാൻ, എ.ഇ.വർഗീസ്, ജോർജ് അലക്സാണ്ടർ, സാബു തോമസ്, പാസ്റ്റർ കെ.എം.ഉമ്മൻ എന്നിവരുടെ നേതൃത്വത്തിൽ മുണ്ടമല റെസിഡന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.