കലഞ്ഞൂർ : ഇന്ന് കേരളം കേൾക്കുന്ന നെഞ്ചിടിപ്പ് മുഖ്യമന്ത്രിയുടേതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ്. കലഞ്ഞൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വലംകൈയായി നാലരവർഷം പ്രവർത്തിച്ച ശിവശങ്കരൻ ഇപ്പോൾ ജയിലിൽ. സർക്കാരിനെ നിയന്ത്രിക്കേണ്ട പാർട്ടി സെക്രട്ടറിയുടെ മകനും മയക്കുമരുന്ന് കേസിൽ ജയിലിൽ. സ്വർണക്കടത്ത്, മനുഷ്യക്കടത്ത് എന്നിവയ്‌ക്കെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധം- പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സർക്കാരിന്റെ അഴിമതികൾ പുറത്തുകൊണ്ടുവന്നാൽ വിജിലൻസിനെ ഉപയോഗിച്ച് തകർക്കാനാണ് ശ്രമമെങ്കിൽ അതിനെ നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി കൺവീനർ ബിജു ആഴക്കാടൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. അധ്യക്ഷൻ ബാബു ജോർജ്, അഡ്വ. പഴകുളം മധു, പി.മോഹൻരാജ്, വെട്ടൂർ ജ്യോതിപ്രസാദ്, ഹരികുമാർ പൂതങ്കര, രതീഷ് വലിയകോൺ എന്നിവർ സംസാരിച്ചു.