തിരുവല്ല : ത്രികോണ മത്സരം നടക്കുന്ന വാർഡിൽ കൊടുമ്പിരിക്കൊണ്ട പ്രചാരണത്തിരിക്കിനിടെയാണ് ശ്രീനിവാസ് ആ വാർത്ത സോഷ്യൽ മീഡിയയിൽ കാണുന്നത്. ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവാവിന് എ നെഗറ്റീവ് രക്തംവേണം. തരപ്പെടുത്താൻ പ്രയാസമുളള രക്തഗ്രൂപ്പായതിനാലാണ് സോഷ്യൽ മീഡിയയിലൂടെ പ്രചാരണം വന്നത്. എ നെഗറ്റീവ് ഗ്രൂപ്പുകാരനായ ശ്രീനിവാസ് രണ്ടാമതൊന്നാലോചിക്കാതെ ബിലീവേഴ്‌സ് മെഡിക്കൽ കോളേജിലെത്തി രക്തം നൽകി. തിരുവല്ല നഗരസഭയിലെ 29-ാം വാർഡിലെ എൻ.ഡി.എ. സ്ഥാനാർഥിയാണ് ശ്രീനിവാസ് പുറയാറ്റ്. ചെങ്ങന്നൂർ കോടുകുളഞ്ഞിയിൽ നടന്ന വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ കോടുകുളഞ്ഞി സ്വദേശിയായ നിബു ഇടുക്കുള(24)യ്ക്കാണ് രക്തം നൽകിയത്.