പന്തളം : സുരക്ഷാ ഇടനാഴിയുടെ പണി അതിവേഗം പൂർത്തിയാകുമ്പോഴും അമിത വേഗവും റോഡിന്റെ വീതികുറവും എം.സി.റോഡിനെ കുരുതിക്കളമാക്കുകയാണ്. അപകടം ഒഴിവാക്കാൻവേണ്ടി നടക്കുന്ന പണിക്കിടയിലാണ് കഴിഞ്ഞ ദിവസം കുരമ്പാലയിൽ ലോറിക്കുപിന്നിൽ സ്‌കൂട്ടറിടിച്ച് ശ്രീലങ്കൻ യുവതി മരിച്ചത്. ഓടപണിക്കായുള്ള സ്ലാബിറക്കുന്നതിനിടയിലാണ് ലോറിക്കുപിന്നിൽ സ്‌കൂട്ടറിടിച്ചത്.

ശനിയാഴ്ച ഉച്ചയോടെ തോന്നല്ലൂർ കാണിക്കവഞ്ചിക്കുസമീപം വൈദ്യുതി പോസ്റ്റിലിടിച്ച് കാറിന്റെ മുൻഭാഗം തകർന്നു. ആർക്കും സാരമായ പരിക്കില്ല. ജനുവരിമാസം മാന്തുകയിൽ വാനിടിച്ച് വയോധിക മരിച്ചിരുന്നു. ബൈക്കിടിച്ച് റോഡിൽവീണ സ്ത്രീയെ പിന്നാലെ എത്തിയ വാനിടിച്ചാണ് മരിച്ചത്. അടുത്ത ദിവസംതന്നെ മണികണ്ഠനാൽത്തറയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. കഴിഞ്ഞമാസം കുരമ്പാല ചിത്രാ ആശുപത്രിക്കുസമീപം കരിക്ക്‌ കച്ചവടക്കാരനെ മിനിലോറിയിടിച്ച് പരിക്കേൽപ്പിച്ചിരുന്നു.

അടൂർ മുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗം സുരക്ഷാ ഇടനാഴി എന്ന പേരിൽ പുനരുദ്ധാരണം പൂർത്തിയാകുമ്പോൾ അപകടങ്ങൾ കുറയുമെന്ന പ്രതീക്ഷയിലാണ് ജനം. എന്നാൽ സുരക്ഷാ ഇടനാഴിയുടെ പണി നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങൾ കണ്ട് മനസ്സ് മരവിച്ചിരിക്കുന്നവരാണ് പന്തളത്തെ ജനങ്ങളും യാത്രക്കാരും. ഒരു ചാറ്റൽമഴപെയ്താൽ വാഹനങ്ങൾ നിയന്ത്രണംവിട്ട് മറിയുകയും വെട്ടിമാറുകയും ചെയ്യുന്ന സ്ഥലമാണ് പറന്തലിനും മാന്തുകയ്ക്കും ഇടയിലുള്ള എം.സി.റോഡ്. എം.സി. റോഡിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പണി 15 വർഷം മുമ്പ് പൂർത്തിയായശേഷം തുടങ്ങിയതാണ് ഇത്തരം അപകടങ്ങൾ. ഇതിൽ അധികവും നടന്നത് റോഡ് നനഞ്ഞുകിടന്ന മഴക്കാലത്തുതന്നെയാണ്. അമിത വേഗമാണ് അപകടത്തിന് വഴിതെളിക്കുന്നതെന്ന് അപകടം ഏറുവാൻ കാരണമെന്ന് റോഡ് പരിശോധിച്ച വിദഗ്ധസംഘം കണ്ടെത്തിയിരുന്നു.