മേലൂട്(അടൂർ) : നയനമനോഹരമായ വർണചിത്രങ്ങൾ. പണ്ടൊക്കെ പല വീടിന്റെയും ചുമരുകളിൽ ചിത്രംവരയ്ക്കാതെ ഒരു ബാല്യവും പൂർണമാകില്ലായിരുന്നു. അതിനെയൊക്കെ ഓർമിപ്പിക്കുന്ന തരത്തിൽ ആ പഴയ ബാല്യത്തിന്റെ പിടിവാശിയിൽ അടൂർ മേലൂട് അമ്മകണ്ടകരയിൽ തൊഴുവിള കിഴക്കേതിൽ അനഘ എന്ന പത്തുവയസ്സുകാരി ദിവസങ്ങൾകൊണ്ട് വരച്ചത് നിരവധി ചിത്രങ്ങൾ. ഏവരുടേയും മനംകവരുന്ന ഈ ചിത്രങ്ങളൊക്കെയും പള്ളിക്കൽ പഞ്ചായത്തിലെ കോവിഡ് നിരീക്‌ഷണകേന്ദ്രത്തിൽ ഇരുന്നാണ് വരച്ചത് എന്നതാണ് മറ്റൊരു പ്രത്യേകത. കോവിഡ് രോഗം ബാധിച്ച് അമ്മൂമ്മ രാധ ആദ്യം നിരീ്ക്ഷണകേന്ദ്രത്തിലേക്ക് പോയി. ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അനഘയ്ക്കും രോഗം സ്ഥിരീകരിച്ചത്.

നിരീക്ഷണകേന്ദ്രത്തിലേക്ക് പോകുമ്പോൾ അനഘ കൈയ്യിൽ കരുതിയത് വസ്ത്രങ്ങൾക്കൊപ്പം ഒരു ചെറിയ പെൻസിൽമാത്രം. കാരണം ചിത്രങ്ങളെ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു ഈ കുഞ്ഞുമോൾ. നിരീക്ഷണ കേന്ദ്രത്തിൽ എത്തിയപാടെ പഴയ പേപ്പറിലും തറയിലും മറ്റുമായി വരയ്ക്കാൻ തുടങ്ങി. തറയിൽനിന്നു വര ഭിത്തിയിലേക്ക് കടന്നതോടെ അമ്മൂമ്മ അനഘയെ ശകാരിച്ചു. ഇത് നിരീക്ഷണകേന്ദ്രത്തിലെ നഴ്സിന്റെ ശ്രദ്ധയിൽപ്പെടുകയും ഈ വിവരം നോഡൽ ഓഫീസർ പ്രശാന്ത് കുമാറിനെ അറിയിക്കുകയും ചെയ്തു. പിണങ്ങിയിരുന്ന കുഞ്ഞനഘയോട് കാര്യം ചോദിച്ചപ്പോൾ ഭിത്തിയിൽ പടം വരച്ചതിന് അമ്മൂമ്മ വഴക്കുപറഞ്ഞു എന്നും പേപ്പറും കളർ പെൻസിലും ഉണ്ടെങ്കിൽ ഈ വഴക്ക് കേൾക്കില്ലായിരുന്നുവെന്നും അനഘ പറഞ്ഞതായി പ്രശാന്ത് പറയുന്നു.

തുടർന്ന് ഈ വിവരം പള്ളിക്കൽ പഞ്ചായത്ത് സെക്രട്ടറി സജീഷിനെ അറിയിച്ചു. സെക്രട്ടറി അനഘയുമായി ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ തിരക്കി. സെക്രട്ടറിയുടെയും പഞ്ചയത്ത് പ്രസിഡന്റ്‌ സുശീല കുഞ്ഞമ്മയുടെയും നേതൃത്വത്തിൽ ഉടൻ തന്നെ ചോക്ലേറ്റുകളും, കളറിങ് ബുക്കുകളും, ഡ്രോയിങ് പെൻസിലുകളും, ബ്രഷുകളും, സ്കെച്ചുപേനകളും, വാട്ടർ കളേഴ്സും, ഷീറ്റുകളും എത്തിച്ചുനൽകി. ഇപ്പോൾ തന്നെ അനഘ നിരവധി ചിത്രങ്ങൾ വരച്ചുകഴിഞ്ഞു. കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ തന്നോടുകാണിച്ച കരുതൽ ഒരിക്കലും മറക്കാനാകില്ലെന്ന് കുഞ്ഞ് വാക്കിൽ അനഘ പറഞ്ഞു. അടൂർ ഗേൾസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.