പന്തളം: വീട്ടുമുറ്റത്ത് പൂന്തോട്ടമൊരുക്കാൻ സാറാമ്മ മാത്യു തുടങ്ങിയ പൂച്ചട്ടിനിർമാണം ഇപ്പോൾ വരുമാനത്തിനുള്ള ചെറിയ വ്യവസായമായി. കുടുംബശ്രീ കൂട്ടിനെത്തിയപ്പോൾ ആനുകൂല്യവും അംഗീകാരവും ബിന്ദുവെന്ന സാറാമ്മയ്ക്ക് ശക്തി നൽകി. കുരമ്പാല ബിബിൻ ഭവനിൽ സാറാമ്മ വീടിനോടു ചേർന്ന് പ്ലാസ്റ്റിക് വലിച്ചുകെട്ടിയ സ്ഥലത്താണ് പൂച്ചട്ടി ഉണ്ടാക്കാൻ തുടങ്ങിയത്. സിമന്റും മണലും ചേർന്ന മിശ്രിതം കുഴച്ച് പ്ലാസ്റ്റിക് അച്ചിൽ തേച്ചുപിടിപ്പിച്ചാണ് ബലമുള്ള ചട്ടി ഉണ്ടാക്കുന്നത്. ചട്ടിക്ക് ബലം കിട്ടുവാൻ ഉണങ്ങിയശേഷം വെള്ളത്തിൽ മുക്കിയിടുകയും ചെയ്യും. ഉത്പന്നത്തിന്റെ ഗുണനിലവാരം മോശമാകാൻ അനുവദിക്കില്ല എന്നാണ് സാറാമ്മയുടെ വിജയം.

ഒരു വർഷം മുമ്പാണ് ചട്ടി ഉണ്ടാക്കാൻ തുടങ്ങിയത്. സമൂഹ മാധ്യമത്തിലൂടെ കേട്ടറിഞ്ഞ് ആവശ്യക്കാർ വീട്ടിലെത്തി വാങ്ങിക്കൊണ്ടുപോകും. പൂന്തോട്ടം ഉണ്ടാക്കുന്നവർ കൂടുതൽ വാങ്ങാറുമുണ്ട്. തൂക്കുന്നചട്ടി മുതൽ താമര വളർത്തുന്ന ചെറിയ കുളംവരെ പല വലുപ്പത്തിൽ 15 തരം ചട്ടികൾ ഉണ്ടാക്കുന്നുണ്ട്. വീട്ടിലെ ജോലി കഴിഞ്ഞ് വൈകീട്ട് സമയം കണ്ടെത്തിയാണ് ചട്ടിനിർമാണം തുടങ്ങുന്നത്.

ഓർഡർ ലഭിച്ചാൽ ദിവസം 50 സാധാരണചട്ടിവരെ ഉണ്ടാക്കാനാകുമെന്ന് സാറാമ്മ പറയുന്നു. 25 മുതൽ 600 രൂപവരെ വിലവരുന്ന ചട്ടികൾ ഉണ്ടാക്കുന്നുണ്ട്. ഭർത്താവ് ബിജു വിദേശത്താണ്. മക്കളായ ബിബിനും ഷിബിനും ബിജുവിന്റെ അനുജൻ ബെന്നിയും ചട്ടിനിർമാണത്തിൽ സഹായിക്കാനുണ്ട്. മക്കളുടെ പേരിന്റെ ആദ്യാക്ഷരം ചേർത്ത് ബി ആൻഡ്‌ എസ് പോട്ട് സ്‌റ്റോർ എന്ന് സംരംഭത്തിന് പേരും നൽകിയിട്ടുണ്ട്. ചട്ടി വാങ്ങാനെത്തുന്നവർ സാറാമ്മയുടെ പൂന്തോട്ടത്തിൽ കണ്ണുവെച്ചുതുടങ്ങിയതോടെ ചെടിയുടെ വിൽപ്പനയും വലിയതോതിൽ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. ഇപ്പോൾ കവറുകളിലാക്കിയ ചെടികൾ ആവശ്യക്കാർക്ക് വിൽക്കുന്നുണ്ട്. ആളുകളുടെ ആവശ്യമനുസരിച്ചാണ് അലങ്കാരച്ചട്ടികളുടെയും താമരക്കുളത്തിന്റെയും നിർമാണം. ഇതിൽനിന്നുള്ള വരുമാനമാണ് ഇപ്പോൾ കുടുംബത്തിന് തണലാകുന്നത്.