കലഞ്ഞൂർ : 'ഞങ്ങൾ ഉറങ്ങിയിട്ട് നാളുകളായി. ഓരോ ദിവസവും വീടിന്റെ മേൽക്കൂരയുടെ പല ഭാഗങ്ങളായി ഇളകിവീണുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ജീവിതം ഇങ്ങനെയായി. പക്ഷേ, ഈ രണ്ട് കുഞ്ഞുങ്ങൾക്ക് ഇതിനുള്ളിൽകിടന്ന് എന്തെങ്കിലും സംഭവിക്കുമോയെന്ന ഭയമാണ് എപ്പോഴും’-ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തിലെ മൂന്നാംവാർഡിലുൾപ്പെട്ട പൂതങ്കര തോപ്പിൽ വടക്കേതിൽ രാധാമണിയും മകൾ വിദ്യയും ഇത് പറയുമ്പോൾ പൊട്ടിക്കരയുകയായിരുന്നു. സുരക്ഷിതമായ വീടിനായി കഴിഞ്ഞ കുറേ വർഷങ്ങളായി ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തിനെയാണ് സമീപിക്കുന്നത്. ലൈഫ് പദ്ധതിയിൽ ഇവരുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെയും ഇക്കാര്യം ശരിയാക്കി നൽകിയിട്ടുമില്ല.

മഴപെയ്താലോ, കാറ്റുവീശിയാലോ ഇവർ വിദ്യയുടെ രണ്ട് കുഞ്ഞുങ്ങളുമായി വീടിന് പുറത്തേക്കോടും. കാലപ്പഴക്കത്താൽ ദ്രവിച്ച് വീടിന്റെ മേൽക്കൂര ഇളകിവീണുകൊണ്ടിരിക്കുകയാണ്. ഒപ്പം ഭിത്തി മുഴുവനും വീണ്ടുകീറി. ഏതുനിമിഷവും വീട് നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. നാലുമുറികളുള്ള വീടിന്റെ മൂന്നുമുറികളിലേക്ക് കടക്കാൻ സാധിക്കാത്ത അവസ്ഥയിൽ തകർന്നുകിടക്കുകയാണ്. ഇതിനോടുചേർന്നുള്ള ഭിത്തികൾ പൂർണമായും മറയ്ക്കാത്ത ഒരു ചായ്‌പിൽ ഒടിഞ്ഞ കട്ടിലിലാണ് രാപകൽ കഴിയുന്നത്.

രാധാമണിയുടെ ഭർത്താവ് അഞ്ചുവർഷം മുമ്പ് മരിച്ചു. മകൾ വിദ്യയുടെ ഭർത്താവ് ഇവരെ ഉപേക്ഷിച്ചുപോയി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടെ ജോലിക്കുപോയാണ് വിദ്യ കുടുംബം പുലർത്തുന്നത്. ലൈഫിൽ വീട് നൽകണമെന്നുകാണിച്ച്‌ ഗ്രാമപ്പഞ്ചായത്തിനൊപ്പം ജില്ലാ കളക്ടർക്കും അപേക്ഷ നൽകിയെങ്കിലും ഇതുവരെ അതിനൊരു പരിഗണനയും കിട്ടിയില്ലെന്ന്‌ ഇവർ പറയുന്നു. വീടിനോടുചേർന്നുള്ള കിണറിന് ആൾമറ നിർമിക്കാനുള്ള അപേക്ഷ നൽകിയെങ്കിലും അതും ഗ്രാമപ്പഞ്ചായത്ത് പരിഗണിച്ചിട്ടില്ല.

മക്കളുടെ പഠനത്തിനുള്ള ടെലിവിഷൻ, മഴ ശക്തമാകുമ്പോൾ മുറിയുടെ ഓരോ ഭാഗത്തായി മാറ്റിവെച്ചാണ് കാണുന്നത്. വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളുൾപ്പെടെ മിക്കവസ്തുക്കളും മഴയിൽ നശിച്ചുപോയി. വീടിന്റെ അവസ്ഥ ബോധ്യപ്പെടുത്താൻചെന്ന ഇവർക്ക് വീടിനുപകരം 2000 രൂപ സ്വന്തമായി മുടക്കി രണ്ട് ടാർപ്പോളിൻഷീറ്റാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വാങ്ങി നൽകിയതെന്നും രാധാമണി പറഞ്ഞു. ഇതുപയോഗിച്ച് വീടിനോടുചേർന്ന് കൂരകെട്ടി വീട്ടുസാധനങ്ങൾ അതിലേക്ക് മാറ്റിയിരിക്കുകയാണ്.