അടൂർ : വൈദ്യുതിത്തൂണിനുമുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഒടുവിൽ അഗ്നിരക്ഷാസേന യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയതോടെയാണ് ആശങ്കയ്ക്ക് ശമനമായത്.
പറക്കോട് വടക്ക് മുണ്ടുമുരുപ്പേൽ മണിലാൽ (38) ആണ് ആത്മഹത്യാ ഭീക്ഷണി മുഴക്കിയത്. വൈദ്യുതി വകുപ്പ് കരാർ ജീവനക്കാരനായിരുന്നു ഇയാൾ. പന്നിവിഴ സെന്റ് തോമസ് സ്കൂളിന് സമീപം കനാൽ റോഡരികിലെ വൈദ്യുതി തൂണിലാണ് കയറിയത്. അടൂർ, പത്തനംതിട്ട യൂണിറ്റുകളിൽനിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പലതവണ ശ്രമിച്ചിട്ടും മണിലാൽ താഴെയിറങ്ങാൻ കൂട്ടാക്കിയില്ല. വൈദ്യുതിത്തൂണിൽ ഏണിചാരി കയറാൻ നോക്കിയപ്പോഴൊക്കെ തട്ടികളഞ്ഞു. തുടർന്ന് വൈദ്യുതികമ്പിയിൽ കൂടി നടക്കാനും കമ്പിയിൽ കിടന്നും ഇരുന്നുമൊക്കെ സാഹസം കാട്ടാൻ തുടങ്ങി. ഈ സമയം അടൂർ പോലീസും സ്ഥലത്തെത്തി. ഒടുവിൽ അഗ്നിരക്ഷാ സേനാംഗങ്ങളുടെ നിരന്തരമായ അഭ്യർഥനയെതുടർന്ന് ഇയാൾ താഴെയിറങ്ങി. ഇയാളെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂർ സ്റ്റേഷൻ ഓഫീസർ സഖറിയ അഹമ്മദ് കുട്ടി, സീനിയർ ഫയർ ഓഫീസർ അനിൽ കുമാർ, സേനാംഗങ്ങളായ അനിൽ ദേവ്, അസീഫ്, മനോജ് കുമാർ, അഭിലാഷ്, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.