ചൂരക്കോട് : പ്രതീക്ഷകൾ എല്ലാം അസ്തമിച്ച് നിൽക്കുമ്പോഴാണ് വെള്ളിയാഴ്ച രാവിലെ അടൂർ പോലീസ് സ്റ്റേഷനിലേക്ക് ചൂരക്കോട് ബദാംമുക്ക് സ്വദേശിനിയായ ഒരു അമ്മ ഫോൺ ചെയ്യുന്നത്. ആ അമ്മയുടെ വാക്കുകൾ പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ-പ്ലസ് വൺ പരീക്ഷ എഴുതേണ്ട മകൾക്ക് കോവിഡാണ്. വ്യാഴാഴ്ച രാത്രിയിലാണ് വിവരം അറിഞ്ഞത്. ഒരു പി.പി.ഇ. കിറ്റിനായും പരീക്ഷ എഴുതാൻ പോകാൻ വാഹന സഹായത്തിനായും പലരെയും വിളിച്ചു. പക്ഷേ, ആരും സഹായിച്ചില്ല. വാടകയ്ക്ക് താമസിക്കുന്നതിനാൽ അടുത്ത് ബന്ധുക്കളും സഹായത്തിനില്ലാത്ത അവസ്ഥയാണ്. മകൾക്ക് ഇളമണ്ണൂർ സ്കൂളിൽ പരീക്ഷ എഴുതാൻ പോകാൻ സഹായിക്കണം. ഉടൻ തന്നെ ഫോണിൽ സംസാരിച്ച സി.പി.ഒ. രതീഷ് ചന്ദ്രൻ വിവരം ജനമൈത്രി ബീറ്റ് ഓഫീസറും മണ്ണടി സ്വദേശിയുമായ അനുരാഗ് മുരളീധരനെ വിവരം അറിയിച്ചു. രാവിലെ 9.15-നുതന്നെ കുട്ടിയെ സ്കൂളിൽ എത്തിക്കേണ്ടതിനാൽ അനുരാഗ് സ്റ്റേഷനിലേക്ക് പോകാതെ നേരിട്ട് കുട്ടിയുടെ വീട്ടിലേക്ക് പോയി. തുടർന്ന് ഏറത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ പൂതക്കുഴിയുമായി സംസാരിച്ച് ബദാംമുക്ക് സി.എഫ്.എൽ.ടി.സി.യിൽനിന്ന് പി.പി.ഇ. കിറ്റ് സംഘടിപ്പിച്ചു. തുടർന്ന് അനുരാഗ് തന്നെ സ്വന്തം ചെലവിൽ വാഹനസൗകര്യം ഏർപ്പെടുത്തി കുട്ടിയെ പരീക്ഷയ്ക്ക് കൃത്യസമയത്ത് എത്തിച്ചു. വരും ദിവസങ്ങളിൽ കുട്ടിക്ക് പി.പി.ഇ. കിറ്റ് ലഭ്യമാക്കാൻ ഏറത്ത് എച്ച്.ഐ. ബദറുദീനുമായി ബന്ധപ്പെട്ട് സൗകര്യം ഏർപ്പെടുത്തിയതായി ബീറ്റ് ഓഫീസർ അനുരാഗ് മുരളീധരൻ പറഞ്ഞു.