സീതത്തോട് : കോട്ടമൺപാറയിലും ആങ്ങമൂഴിയിലും ശനിയാഴ്ച ഉരുൾപൊട്ടലുണ്ടായത് മലയോര മേഖലയിലെ ജനങ്ങളെ ഞെട്ടിച്ചു. ഈ മേഖലയിൽ ഉരുൾപൊട്ടുമെന്ന്‌ ആരും പ്രതീക്ഷിച്ചതേയല്ല. വിസ്തൃതമായ കൃഷിയിടങ്ങളുള്ള ഈ പ്രദേശത്ത് മുമ്പെങ്ങും വെള്ളപ്പൊക്കംപോലും ഉണ്ടായിട്ടില്ല. സീതത്തോട് പഞ്ചായത്തിലെ പതിമൂന്നോളം സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന്‌ മുമ്പ് നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതിലൊന്നും കോട്ടമൺപാറയും ആങ്ങമൂഴിയും ഇടംപിടിച്ചിരുന്നില്ല.

ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഏതാണ്ട് ഒരേസമയം രണ്ടിടത്തും ഉരുൾപൊട്ടലുണ്ടായത്. കോട്ടമൺപാറയിൽ കാർ ഒലിച്ചുപോയതുൾപ്പടെയുള്ള ചില നഷ്ടങ്ങളുണ്ടായതൊഴിച്ചാൽ മറ്റ് അപകടങ്ങളൊന്നും ഉണ്ടാക്കിയില്ലെന്നത് വലിയ ആശ്വാസമായി. സീതത്തോട് പഞ്ചായത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുള്ളതാണ്‌. മുമ്പ് ഉരുൾപൊട്ടലുണ്ടായതുമായ സ്ഥലങ്ങളിൽനിന്ന് ഇത്തവണ മഴ കനത്തതോടെ ജനങ്ങൾ മാറിതാമസിക്കുകയും അധികൃതർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയുമൊക്കെ ചെയ്തിരുന്നു. ദിവസങ്ങളായി കനത്ത മഴ തുടർന്നത് ഈ മേഖലയിലെല്ലാം കടുത്ത ആശങ്കയിലാക്കിയിരുന്നു.

ശനിയാഴ്ച കോട്ടമൺപാറയിലുണ്ടായ ഉരുൾപൊട്ടൽ ജനവാസകേന്ദ്രത്തോട് ചേർന്നായിരുന്നു. ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്. ഉരുൾപൊട്ടിയെത്തിയ മലവെള്ളം ഗതിമാറിയൊഴുകാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി. അടിയാൻകാല വനമേഖലയിൽ നിന്നുതുടങ്ങുന്ന തോട്ടിലൂടെ കക്കാട്ടാറിൽ ചെന്നുചേരുകയാണുണ്ടായത്. ഉരുൾപൊട്ടലുണ്ടായ രണ്ട് സ്ഥലങ്ങളും ചെങ്കുത്തായ മലകളോ വെള്ളമൊഴക്കുള്ള സ്ഥലങ്ങളോ ആയിരുന്നില്ല. പഞ്ചായത്തിൽ ഏറെ സുരക്ഷിതമെന്ന് കരുതിയ മേഖലയാണ് കോട്ടമൺപാറ. ഈ പ്രദേശം കാണാനായി മേഖലയിലേക്ക് ഞായറാഴ്ച ധാരാളം പേരെത്തി.