മേട്ടുംപുറം : ജനങ്ങളുടെ സുരക്ഷയെ അല്പമെങ്കിലും അധികൃതർ മാനിക്കുന്നുവെങ്കിൽ മേട്ടുംപുറം ജങ്ഷന്‌ സമീപത്തെ കനാൽ പാലത്തിന്റെ കാര്യത്തിൽ ഒരു ശ്രദ്ധകൊടുക്കണം. ഇത് ജനങ്ങളുടെ അഭിപ്രായമാണ്. പാലത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. കൈവരികൾ തകർന്ന് കമ്പികൾ തെളിഞ്ഞു.

കനാൽ പാലത്തിലൂടെയുള്ള റോഡ് മൊത്തത്തിൽ പൊളിഞ്ഞു. മേട്ടുംപുറം ഭാഗത്തുനിന്ന് കുരമ്പാലയ്ക്ക് പോകാനുള്ള എളുപ്പമാർഗമാണ് ഈ റോഡ്. കനാൽ പാലത്തിന് നടുവിൽ വാഹനയാത്രികർക്ക് അപകടകരമാംവിധം ഒരു കുഴിയുണ്ട്.

മഴക്കാലത്ത് കുഴിയിൽ വെള്ളംകെട്ടിക്കിടന്നാൽ കുഴിയുള്ളത് ശ്രദ്ധയിൽപ്പെടില്ല. ഇരുചക്രവാഹന യാത്രികർക്കാണ് കൂടുതൽ ബുദ്ധിമുട്ട്. റോഡിന്റെയും പാലത്തിന്റെയും ദുരവസ്ഥ പരിഹരിക്കണമെെന്നാവശ്യപ്പെട്ട് മേട്ടുംപുറം പൗരവേദി പൊതുമരാമത്ത്‌ വിഭാഗത്തിന് പരാതി നൽകിയിരുന്നു. പക്ഷേ, ഒരു നടപടിയും അധികൃതർ സ്വീകരിച്ചില്ല.