സീതത്തോട് : ഭൂരഹിതരും ഭവനരഹിതരുമായ ഗവി നിവാസികളുടെ ഭവന പുനരധിവാസ നടപടികൾ വിവാദത്തിലേക്ക്. വനമധ്യത്തിൽ ഒറ്റപ്പെട്ട് കിടക്കുന്ന ഗവി നിവാസികളെ സീതത്തോട് പഞ്ചായത്തിലെ ഇതരസ്ഥലങ്ങളിൽ പുനരധിവസിപ്പിക്കാനുള്ള ഗ്രാമപഞ്ചായത്തിന്റെ നീക്കം അട്ടിമറിക്കാൻ ചിലർ നടത്തുന്ന ശ്രമമാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്.

പഞ്ചായത്തിൽ വാസയോഗ്യമല്ലാത്ത ഭൂമി ഗവി നിവാസികൾക്ക് വീടുവെയ്ക്കാനായി വാങ്ങി നൽകി പുനരധിവാസ പദ്ധതിയുടെ മറവിൽ വൻതട്ടിപ്പിന് കളമൊരുക്കുകയാണെന്നാണ് ആക്ഷേപം

വനമധ്യത്തിൽ തലചായ്ക്കാനിടമില്ലാതെ വർഷങ്ങളായി താമസിക്കുന്ന ഇരുനൂറിൽപ്പരം കുടുംബങ്ങൾക്കാണ് സീതത്തോട് ഗ്രാമപ്പഞ്ചായത്ത് പുനരധിവാസം ഒരുക്കുന്നത്. ഗവിയിലെ കെ.എഫ്.ഡി.സി.ഏലത്തോട്ടത്തിൽ പണിയെടുക്കുന്നവരും വിരമിച്ചവരുമായ ആളുകളെയാണ് ഘട്ടംഘട്ടമായി പുനരധിവസിപ്പിക്കുന്നത്. ഗവിയിലെ ലയങ്ങളിൽ താമസിക്കുന്ന ഇവരിൽ ഭൂരിഭാഗത്തിനും സ്വന്തമായി ഭൂമിയോ മറ്റ് സൗകര്യങ്ങളോ ഇല്ല. വനമധ്യത്തിൽ അടിസ്ഥാന സൗകര്യങ്ങളെല്ലാം നിഷേധിക്കപ്പെട്ട് കഴിയുന്ന ഇവരുടെ ജീവിതം ഏറെ ദുരിതങ്ങൾ നിറഞ്ഞതാണ്.

ഇതിനൊരു പരിഹാരമാണ് ഇവരുടെ പുനരധിവാസത്തിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമിവാങ്ങി വീടുവെച്ച് നൽകുന്നതാണ് ഗ്രാമപഞ്ചായത്തിന്റെ പദ്ധതി.

ഭൂമി ഇടപാടിനെ എതിർത്താൽ പട്ടികയിൽനിന്ന് പുറത്താക്കും

ഗവി നിവാസികളുടെ പുനരധിവാസ പദ്ധതി വന്നതോടെ ഇതിന്റെ ചുക്കാൻ പിടിച്ച് ചിലസംഘങ്ങൾ രംഗത്ത് വന്നതാണ് പദ്ധതി അട്ടിമറിക്കാനിടയാക്കുന്നത്. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് കുറഞ്ഞവിലയ്ക്ക് ഭൂമി തരപ്പെടുത്തിയശേഷം കൂടിയവിലയ്ക്ക് ഭൂമി മറിച്ചുവിൽക്കുകയാണ്. ഇത്തരത്തിലുള്ള ഭൂമി ഇടപാടിനെ എതിർത്ത ഗവി നിവാസിയായ യുവാവിനെ പട്ടികയിൽനിന്ന് ഒഴിവാക്കുമെന്ന് ഇടനിലക്കാർ ഭീഷണിപ്പെടുത്തിയതായും പരാതി ഉണ്ട്. യുവാവ് ഗവി നിവാസികളുടെ ഭൂമി ഇടപാടുകളെപ്പറ്റി വിജിലൻസിന് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്, എങ്ങനെയെങ്കിലും വനത്തിനുള്ളിൽനിന്ന് രക്ഷപ്പെട്ട് സ്വന്തമായി ഒരുവീടെന്ന സ്വപ്നം അതിയായി ആഗ്രഹിക്കുന്ന ഗവി നിവാസികളിൽ പലർക്കും ഇടനിലക്കാരുടെ ചൂഷണത്തെപ്പറ്റി കാര്യമായ വിവരമില്ല.