കോഴഞ്ചേരി : മഴ ശക്തിപ്പെട്ടതോടെ പ്രധാന റോഡുകളിൽ പലതും സഞ്ചാര യോഗ്യമല്ലാത്ത സ്ഥിതിയിലാണ്. മാസങ്ങൾക്ക് മുൻപേ ചെറിയ കുഴികൾ രൂപപ്പെട്ടിരുന്ന റോഡുകളുടെ സ്ഥിതി ഇപ്പോൾ ദയനീയം. ഇട റോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കോഴഞ്ചേരി പഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെടുന്ന കോളേജ് ഹോസ്റ്റൽ റോഡിൽ കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായി.

കനത്ത മഴയിൽ റോഡിലൂടെ വെള്ളം ഒഴുകിയപ്പോൾ ചെറിയ കുഴികൾ ഗർത്തങ്ങളായി മാറി. ടാർ പൂർണമായി ഇളകിപ്പോയതോടെ റോഡിന് കുറുകെ കാനപോലെയാണ് കുഴികൾ. നാരങ്ങാനം പഞ്ചായത്തിന്റെ പരിധിയിലുള്ള കടമ്മനിട്ട-പത്തനംതിട്ട റോഡും തകർന്നു കിടക്കുകയാണ്.

ശബരിമല പാതയുടെ ഭാഗമാക്കി കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡ് ഉന്നത നിലവാരത്തിൽ പൂർത്തിയാക്കിയിട്ടും ഈ റോഡിനെ അധികാരികൾ കണ്ടമട്ടില്ല. മഴ കനത്തതോടെ റോഡിൽ പലയിടത്തും ടാർ കാണാനേയില്ല. വെള്ളം ഒഴുകിപ്പോകാനുള്ള കാനകൾ ഇല്ലാത്തതാണ് റോഡ് തകരാൻ പ്രധാന കാരണം.

ഉയർന്ന പ്രദേശത്തുനിന്നു കുത്തിയൊഴുകി എത്തുന്ന വെള്ളം റോഡിലൂടെയാണ് പോകുന്നത്. കല്ലും മണ്ണും റോഡിലേക്ക് നിരന്നുകിടക്കുന്നത് ഇരുചക്രവാഹനക്കാർക്ക് അപകടക്കെണിയായി മാറി. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിയിൽ ഈ വഴി വന്നാൽ അപകടം ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നു. ജനപ്രതിനിധികൾ പൊതുമരാമത്ത് അധികാരികളെ സമീപിച്ചിരുന്നു. മഴ മാറിയാൽ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന ഉറപ്പ്.