റാന്നി : ഗവ.ആയുർവേദ ആശുപത്രിയിൽ ഭരണസമിതിയിൽ ചർച്ചചെയ്യാതെ താത്കാലികമായി സ്വീപ്പറെ നിയമിച്ച വിഷയത്തിൽ വിശദീകരണം നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ അടിയന്തര കമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോയി.

നിയമനം റദ്ദുചെയ്യണമെന്ന കഴിഞ്ഞ ഭരണസമിതി യോഗത്തിലെ തീരുമാനം നടപ്പാക്കിയോ എന്ന ചോദ്യത്തിന് മറുപടി നൽകാത്തതിൽ പ്രതിഷേധിച്ചാണ് അഞ്ച് യു.ഡി.എഫ്. അംഗങ്ങളും ബി.ജെ.പി.അംഗവും ഇറങ്ങിപ്പോയത്.

പഞ്ചായത്തിലെ ഗവ.ആയുർവേദ ആശുപത്രിയിൽ താത്കാലികമായി സ്വീപ്പറെ നിയമിച്ചതാണ് തർക്കത്തിന് കാരണം. ഈ മാസം 11-ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഡോക്ടർ കത്ത് നൽകിയെങ്കിലും പിന്നീടുള്ള കമ്മിറ്റിയിൽ നിന്ന് ഈ അജൻഡ ഒഴിവാക്കിയതായി പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു.

കമ്മിറ്റി ചർച്ചചെയ്യാതെ തന്നെ 20-ന് ആളെ നിയമിച്ചതായി ഇവർ പറഞ്ഞു. വെള്ളിയാഴ്ച ചേർന്ന ഭരണസമിതി യോഗത്തിൽ ഇക്കാര്യം ചോദ്യംചെയ്തപ്പോൾ അറിയില്ലെന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. പ്രതിപക്ഷാംഗങ്ങളുടെ ആവശ്യപ്രകാരം നിയമനം നടത്തിയിട്ടുണ്ടെങ്കിൽ അത് റദ്ദുചെയ്യാൻ ഡോക്ടർക്ക് കത്ത് നൽകുവാൻ തീരുമാനിച്ചാണ് പിരിഞ്ഞതെന്നും അംഗങ്ങൾ പറയുന്നു. ബുധനാഴ്ച ചേർന്ന അടിയന്തര യോഗത്തിൽ കത്ത് നൽകിയോ എന്ന ചോദ്യത്തിന് മറുപടി നൽകാൻ പ്രസിഡന്റ് തയ്യാറായില്ല. തുടർന്ന് ബി.ജെ.പി.അംഗം ജോർജുകുട്ടി വാഴപ്പിള്ളേത്ത് നിയമനം റദ്ദുചെയ്യാത്തതിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിച്ചു. യു.ഡി.എഫ്.അംഗങ്ങൾ വീണ്ടും ആവശ്യപ്പെട്ടിട്ടും ഇതേപ്പറ്റി ചർച്ച ചെയ്യാൻ തയ്യാറാവാത്തതിനാൽ യു.ഡി.എഫ്. അംഗങ്ങളായ സ്വപ്‌ന സൂസൻ,വി.ആർ.അശ്വതി,സാറാമ്മ,വർഗീസ് സുദേഷ് കുമാർ,ഷീലു മാനാപ്പള്ളി എന്നിവരും ഇറങ്ങിപ്പേകുകയായിരുന്നു.

എന്നാൽ സ്വീപ്പറെ നിയമിക്കേണ്ടത് കുടുംബശ്രീയുടെ ശുപാർശ പ്രകാരമാണെന്ന് പ്രസിഡന്റ് ലതാ മോഹൻ പറഞ്ഞു .ഡോക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ ശുപാർശ ചെയ്തയാളെയാണ് മുമ്പും നിയമിച്ചിട്ടുള്ളത്. കഴിഞ്ഞ ഭരണസമിതി യോഗ തീരുമാനപ്രകാരം ഡോക്ടറോട് നിയമനം സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകിയതായും പ്രസിഡന്റ് പറഞ്ഞു.

എന്നാൽ ഡോക്ടർ ആദ്യം നിയമനം ആവശ്യപ്പെട്ട് കത്ത് നൽകിയത് കമ്മിറ്റിയിൽ പരിഗണിക്കുന്നതിനുവേണ്ടിയായിരുന്നുവെന്നും ഭരണപക്ഷം ഇതെല്ലാം മറച്ചുവെച്ച് നിയമനം നടത്തുകയായിരുന്നുവെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.