പന്തളം : പന്തളത്ത് തീർഥാടകർക്ക് കുളിക്കാനുള്ള ഏക വഴിയും അടഞ്ഞു. വെള്ളപ്പൊക്കവും കുത്തൊഴുക്കും കാരണം വലിയകോയിക്കൽ ക്ഷേത്രക്കടവും തൊട്ടടുത്തുള്ള കടവും അടച്ചതോടെയാണ് കുളിക്കുവാൻപോലും കഴിയാതെയാണ്‌ തീർഥാടകർ തൊഴുത് മടങ്ങുന്നത്. ഈ വർഷം മാത്രമല്ല, എല്ലാ തീർഥാടനകാലത്തും ഇതുതന്നെയാണ് സ്ഥിതി. വെള്ളം അൽപ്പം ഉയർന്നാൽ കുളിക്കടവ് അടയ്‌ക്കേണ്ടിവരും. അത്രയ്ക്ക് ശക്തമായ ഒഴുക്കാണ് ഇവിടെയുള്ളത്. എന്നാൽ ഭക്തർക്ക് കുളിക്കുവാനുള്ള മറ്റ് സംവിധാനങ്ങൾ തരപ്പെടുത്തുന്ന കാര്യത്തിൽ ആർക്കും ശ്രദ്ധയുമില്ല.

മറ്റ് പല ക്ഷേത്രങ്ങളിലും കുളിമുറികളോ ഷവർ സംവിധാനമോ ഒരുക്കിയിട്ടുള്ളതിനാൽ സുരക്ഷിതമായി കുളിച്ച് ദർശനം നടത്തുന്നതിനോ വിശ്രമിക്കുന്നതിനോ കഴിയും. എന്നാൽ പന്തളത്ത് ഈ സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല. കൈപ്പുഴ കരയിലുള്ള കുളിക്കടവുകളും ചെളിനിറഞ്ഞ് ഉപയോഗയോഗ്യമല്ല.

ഒരു മാസ ഇടവേളയിൽ രണ്ടുതവണയായി അച്ചൻകോവിലാറ്റിലുണ്ടായ വെള്ളപ്പൊക്കം കുളിക്കടവിന്റെ കൽക്കെട്ട് പൂർണമായും തകർത്തുകളഞ്ഞു. വെള്ളം ഉയർന്ന് കിടക്കുന്നതിനാൽ ഇത് നന്നാക്കുന്നതിനോ സംരക്ഷണവേലി കെട്ടുന്നതിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ജലസേചനവകുപ്പ് സംരക്ഷണവേലി കെട്ടുവാൻ തുടങ്ങിയിരുന്നെങ്കിലും രണ്ടാമതുണ്ടായ വെള്ളപ്പൊക്കം കാരണം ഇത് പൂർത്തിയാക്കാനായില്ല.