കോഴഞ്ചേരി : ഓട്ടോയിൽ ബൈക്ക് ഇടിച്ച് അഞ്ചുപേർക്ക് പരിക്ക്. ആറന്മുള-ചെങ്ങന്നൂർ റോഡിൽ ആറാട്ടുപുഴയ്ക്ക് സമീപം ഞായറാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയിൽ എതിരേ വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.
ബൈക്ക് യാത്രക്കാരായ കാരയ്ക്കാട് മേലേത്തിൽ ആദർശ് ബാബു(20), ചെങ്ങന്നൂർ മോടിയിൽ മനീഷ് (22), ഓട്ടോ ഡ്രൈവർ ഇടശേരിമല സ്വദേശി ശ്രീനാഥ്, യാത്രക്കാരായ ആറന്മുള പള്ളിമുക്കം സ്വദേശിനി അർച്ചന, നടരാജൻ എന്നിവരെ മാലക്കരയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മനീഷിനെ പിന്നീട് ചങ്ങനാശ്ശേരിയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ആറന്മുള പോലീസ് കേസെടുത്തു.