പത്തനംതിട്ട : സീതത്തോട് സർവീസ് സഹകരണബാങ്ക് തട്ടിപ്പ് സി.ബി.ഐ. അന്വേഷിക്കണമെന്ന് ബി.ജെ.പി. കോന്നി നിയോജകമണ്ഡലം ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആരോപണം നേരിടുന്ന കെ.യു.ജനീഷ് കുമാർ എം.എൽ.എ. സ്ഥാനത്ത് തുടരുന്നിടത്തോളംകാലം പോലീസ് അന്വേഷിച്ചാൽ സത്യം പുറത്തുവരില്ല.

എം.എൽ.എ. സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടാൻ ജനീഷ് കുമാർ തയ്യാറാകണം. സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കീഴിലുള്ള ബാങ്കിൽ കഴിഞ്ഞ രണ്ട് വർഷമായി ഓഡിറ്റ് നടന്നിട്ടില്ല. നിരവധി ക്രമക്കേടുകളാണ് ഇക്കാലയളവിൽ ബാങ്കിൽ നടന്നിട്ടുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു. 2019-ൽ ജില്ലാ ബാങ്ക് പരിേശാധന നടന്നപ്പോൾ ക്രമക്കേട് കണ്ടുപിടിച്ചിട്ടും നടപടി ഉണ്ടായില്ല. പ്രതിേഷധിച്ചാൽ വധഭീഷണിയും ഉയരുന്നുണ്ട്. ജില്ലാ ബാങ്ക് നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്ത് വിവരാവകാശം വഴി ചോദിച്ചിട്ടുപോലും തരാൻ കൂട്ടാക്കുന്നില്ലെന്നും അവർ പറഞ്ഞു. പത്രസമ്മേളനത്തിൽ മണ്ഡലം പ്രസിഡൻറ് ജി.മനോജ്, ജനറൽ സെക്രട്ടറി പി.വി.ബോസ്, വേണുഗോപാലപിള്ള എന്നിവർ പങ്കെടുത്തു.