മല്ലപ്പള്ളി : തുടർഭരണത്തിന്റെ ഗർവിൽ കൈയേറ്റവും അക്രമവും നടത്തുകയാണ് സി.പി.എം. എന്ന് മുൻ എം.എൽ.എ. ജോസഫ് എം.പുതുശ്ശേരി ആരോപിച്ചു.

കുറ്റൂർ മാതൃകയിൽ വഴിവെട്ടിയ പഞ്ചായത്ത് ആറാം വാർഡിലെ പൊട്ടൻമലയ്ക്കൽ സോപാനം ടി.മോഹനന്റെ സ്ഥലം സന്ദർശിച്ച യു.ഡി.എഫ്. സംഘത്തിന് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. ഡി.സി.സി. അംഗങ്ങളായ സുരേഷ് ബാബു പാലാഴി, യു.ഡി.എഫ്. ചെയർമാൻ എം.എം.റെജി, പഞ്ചായത്ത് അംഗം രാധാമണിയമ്മ, ആർ.എസ്.പി. ലോക്കൽ സെക്രട്ടറി മോഹനചന്ദ്രൻ, അജിൻ പറയകുന്നത്ത്‌ എന്നിവരും ഉണ്ടായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റായിരുന്ന എസ്‌.വി.സുബിന്റെ സാന്നിധ്യത്തിൽ വർഷങ്ങൾക്ക് മുൻപ് ഇവിടെ മൂന്നടി വഴി വിട്ടുനൽകിയിരുന്നു.

അന്ന് കല്ലുകെട്ടുകയും ചെയ്തു. അത് തകർത്താണ് ഇപ്പോൾ അക്രമം കാട്ടിയതെന്ന് വീട്ടുകാർ ഇവരെ അറിയിച്ചു.

കോടതിയോ പോലീസോ തടഞ്ഞാലും വഴിവെട്ടുമെന്ന് സുബിൻ ഭീഷണിപ്പെടുത്തുന്ന വീഡിയോദൃശ്യങ്ങളും കൈമാറി. സെപ്റ്റംബർ 15-ന് പുലർച്ചെ മൂന്നുമണിക്കാണ് റോഡുണ്ടാക്കിയത്. അന്വേഷിക്കാനെത്തിയ മോഹനന്റെ ഭാര്യ ശാന്തകുമാരിയെ കൈയേറ്റം ചെയ്യുകയും മരങ്ങൾ വെട്ടുകയും കൈയാലകൾ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയെത്തുടർന്ന് കീഴ്വായ്പൂര് പോലീസ് കേസെടുത്തിരുന്നു.