പത്തനംതിട്ട : ഈ മാസം 27-ന് ഇടത്-വലത് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽനിന്ന്‌ വ്യാപാര വ്യവസായ സ്ഥാപനങ്ങള ഒഴിവാക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ നാലുമാസമായി പുർണമായും അടച്ചിട്ടിരുന്ന വാണിജ്യമേഖല, തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ട് ഏകദേശം ഒരു മാസമേ ആയിട്ടുള്ളൂ. വ്യാപാരത്തകർച്ച സംഭവിച്ച് കടക്കെണിയിൽ അകപ്പെട്ട് നിരവധി വ്യാപാരികൾ ഇതിനകംതന്നെ ആത്മഹത്യ ചെയ്തുകഴിഞ്ഞു. ഈ മേഖലയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്ന ഹർത്താലുകളിൽനിന്ന്‌ വ്യാപാരി വ്യവസായി സമൂഹത്തെ പുർണമായും ഒഴിവാക്കണം.

ജില്ലാ ഭാരവാഹിയോഗത്തിൽ സംസ്ഥാന വക്താവും ജില്ലാ ജനറൽ സെക്രട്ടറിയുമായ എസ്.പ്രമോദ് കുമാർ പന്തളം, പ്രസിഡന്റ് രാധാകൃഷ്ണൻ നായർ തിരുവല്ല, ട്രഷറർ രാജേഷ് കുമാർ പുല്ലാട് എന്നിവർ പ്രസംഗിച്ചു.