ഇലവുംതിട്ട : സർവീസിൽനിന്ന് വിരമിച്ചിട്ടും ചെന്നീർക്കര അമ്പലക്കടവ് വടക്കേചരുവിൽ കെ.ഒ.വർഗീസിന് വിശ്രമജീവിതമില്ല. 37 വർഷത്തെ സൈനികസേവനത്തിനുശേഷം തിരികെ നാട്ടിലെത്തിയ വർഗീസ് വ്യത്യസ്ത ഇനം ജൈവകൃഷിയിലാണിപ്പോൾ. എഴുപത്തിയാറുകാരനായ വർഗീസിന്റെ ഒരേക്കറോളം വ്യാപിച്ചുകിടക്കുന്ന കൃഷിയിടം സമൃദ്ധമാണ്. പലയിനം വാഴകൾ, തെങ്ങ്, കമുക്, മാവ്, പ്ലാവ്, തേക്ക്, കപ്പ, ചേന, ഓമ എന്നുവേണ്ട കാന്താരിയും പച്ചമുളകും വരെ പല ബ്ലോക്കുകളായി കൃഷി ചെയ്തിരിക്കുന്നു. പുരയിടത്തിനു സമീപമുള്ള കുളത്തിൽ മത്സ്യകൃഷിയുമുണ്ട്.

ഏത്തവാഴകൾ, ഞാലിപ്പൂവൻ, ചെങ്കദളി എന്നിവ നേന്ത്രവാഴയോടൊപ്പം മത്സരിച്ചാണ് പറമ്പിൽ വളരുന്നത്. എല്ലാ വിളകളും കൃഷി ചെയ്യാൻ പാകത്തിൽ പല ബ്ലോക്കുകളാക്കുകയും അവിടെയൊക്കെ മേൽത്തരം തെങ്ങിൻതൈ, കമുക്, മാവ്, പ്ലാവ്, തേക്ക്, കപ്പ, ചേന, ഓമ എന്നുവേണ്ട നാട്ടിലെ പ്രധാന കാർഷികവിളകളെല്ലാം കൃഷി ചെയ്തിട്ടുണ്ട്.

ഇഞ്ചി, കോവൽ, കാച്ചിൽ, മഞ്ഞൾ, കാന്താരി, പച്ചമുളക് എന്നിവയും വർഗീസിന്റെ പറമ്പിനെ ഹരിതാഭമാക്കുന്നു. തന്റെ ഒരു കാർഷികവിളകൾക്കുപോലും രാസവളം ഉപയോഗിക്കാൻ വർഗീസ് തയ്യാറല്ല.

മീനുകൾക്കുള്ള ആഹാരവുമായി നിത്യവും ഉച്ചയോടെ ഇദ്ദേഹം കുളക്കരയിലെത്തും. 20 വർഷത്തോളം തന്റെ പറമ്പിൽ റബർകൃഷിയാണ് ചെയ്തിരുന്നതെന്ന് വർഗീസ് പറയുന്നു. റബർ വെട്ടിമാറ്റിയശേഷം കഴിഞ്ഞ വർഷം മുതൽ കാർഷികവിളകൾ ഇദ്ദേഹം പരീക്ഷിച്ചു. ഒരു വർഷത്തിനിപ്പുറം തന്റെ പുരയിടത്തിലെ ജൈവകൃഷി ഫലംകണ്ടതിന്റെ ആഹ്ളാദത്തിലാണ് വർഗീസ്. കൃഷികാര്യങ്ങളിൽ സഹായിക്കാൻ ഭാര്യ ദീനാമ്മയും വർഗീസിനൊപ്പമുണ്ട്. മൂത്തമകൻ ജോബ് വർഗീസ് സീ ന്യൂസ് ചാനലിലെ ജീവനക്കാരനാണ്. എം.ബി.എ. ബിരുദധാരിയായ ഇളയമകൻ മാത്യു വർഗീസ് ഇപ്പോൾ നാട്ടിലുണ്ട്.