തിരുവല്ല : യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ച ക്വട്ടേഷൻ സംഘാംഗം അഞ്ചുവർഷത്തിനുശേഷം അറസ്റ്റിൽ. അടൂർ പറക്കോട് കൊച്ചുകുറ്റിയിൽ തെക്കേതിൽ നിർമൽ(31) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.
കഞ്ചാവുവില്പന സംബന്ധിച്ച് പോലീസിനും എക്സൈസിനും വിവരം ചോർത്തിനൽകിയെന്നാരോപിച്ച്, ഓട്ടോഡ്രൈവറായ കല്ലൂപ്പാറ കടമാൻകുളം അരീക്കപ്പറമ്പിൽ ബിജു ഏബ്രഹാമിനുനേരേ 2015 ഡിസംബർ 21-നായിരുന്നു ആക്രമണം. കഞ്ചാവുകച്ചവടം നടത്തിയിരുന്ന കടമാൻകുളം സ്വദേശിയായ പ്രവീണും ക്വട്ടേഷനുമായെത്തിയ നിർമലും ഉൾപ്പെടെയുള്ള നാലംഗസംഘം ബിജുവിനെ ഇരുമ്പുദണ്ഡുപയോഗിച്ച് കവിയൂർ പുന്നിലം ഭാഗത്താണ് അടിച്ചുവീഴ്ത്തിയത്. ബിജുവിന്റെ കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റു. പ്രവീണിനെ അന്നുതന്നെ അറസ്റ്റുചെയ്തിരുന്നു. രണ്ടുപേർകൂടി പിടിയിലാകാനുണ്ട്. എസ്.ഐ. എ.അനീസ്, എ.എസ്.ഐ. കെ.എൻ.അനിൽ, സി.പി.ഒ.മാരായ വിഷ്ണുദേവ്, എം.എസ്.മനോജ്കുമാർ, ആർ.എ.രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.