കെ.ആർ.കെ. പ്രദീപ്
വള്ളിക്കോട്
: കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന സഹൃദയരെ പോറ്റുന്ന നാട്. മൺമറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ ഇവരിൽ പലരും ആരാധ്യരുമാണ്.
കഥകളി, ഓട്ടൻതുള്ളൽ, വിൽപ്പാട്ട്, കോലമെഴുത്ത്, ഹരികഥ, നാടകം, നൃത്തം, കവിത, സാഹിത്യം, സിനിമ എന്നിവയിൽ അടയാളം ചാർത്തിയ വള്ളിക്കോടുകാരുണ്ട്. ഫിംഗർ ഡ്രമ്മിൽ വിരൽ കൊണ്ട് വിസ്മയം തീർക്കുന്ന യുവപ്രതിഭ വള്ളിക്കോട് ശ്യാമാണ് കലാകാരന്മാരിൽ പുതിയ താരം. ലൈബ്രറി സയൻസ് വിദ്യാർഥിയാണ്. അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റിക്കോഡിൽ ശ്യാമിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്.
പരേതനായ കവി കടമ്മനിട്ട രാമകൃഷ്ണൻ, വള്ളിക്കോട് കൊയ്പള്ളിൽ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഹരികഥ പറയുന്ന വാഴമുട്ടം ഗോപാലകൃഷ്ണൻ കാക്കാരിശ്ശി നാടക നടൻ മുല്ലമ്പള്ളിൽ എം.ആർ.സി. നായർ, ഈ വർഷത്തെ ടി.വി. സീരിയൽ അവാർഡ് ജേതാവ് അംബാലയം മുരളീധരക്കുറുപ്പ്, നാടക നടൻ കുമ്പളത്ത് പദ്മകുമാർ വള്ളിക്കോട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കെ.പി.എ.സി. മഞ്ജു, സീരിയൽ സഹ സംവിധായകൻ അയ്യപ്പദാസ്, വള്ളിക്കോട് വിക്രമൻ, 2017-ലെ പുതുമുഖ കവിക്കുള്ള മൂലൂർ സ്മാരക അവാർഡ് നേടിയ വള്ളിക്കോട് മോഹൻകുമാർ, 2018-ൽ നവാഗത കവിക്കുള്ള മൂലൂർ അവാർഡ് കിട്ടിയ വള്ളിക്കോട് രമേശ്, കാക്കാരിശ്ശി നാടക രചയിതാവ് കുളത്തൂരേത്ത് മധു, പോലീസ് ഒാഫീസർമാരിലെ സാഹിത്യകാരനായ ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ്, വള്ളിക്കോട് സന്തോഷ്, അനിൽ വള്ളിക്കോട്, ജനാർദ്ദനൻ നായർ, ശ്രീവൃന്ദ നായർ, കവി കാശിനാഥൻ വള്ളിക്കോട്, അനൂപ്, വിനോദ് കുമാർ ശൈലജ, നർത്തകി നാഗലക്ഷ്മി, നടി ഭാഗ്യലക്ഷ്മി, രാജേഷ് എസ്. വള്ളിക്കോട് അനൂപ് വള്ളിക്കോട്, എൻ.പി.രമേശൻ, എന്നിങ്ങനെ നീളുന്നു പുതുതലമുറ.
പഴയകാലം
താഴൂർ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് കോലം എഴുന്നള്ളത്ത് വള്ളിക്കോട് ദേശത്തെ പ്രധാന ആഘോഷമാണ്. കോലമെഴുത്തിൽ പ്രാഗത്ഭ്യം തെളിയിച്ചവരായാണ് പരേതരായ എം.കെ.രാഘവൻ കാർത്തിക, എം.എൻ.കുട്ടപ്പൻ എന്നിവർ 1960-ൽ വള്ളിക്കോട് കേന്ദ്രീകരിച്ച് ശ്രീകൃഷ്ണവിലാസം കഥകളിയോഗം രൂപവത്കരിച്ചു. നർത്തകൻ ഗുരു ഗോപിനാഥായിരുന്നു ഉദ്‌ഘാടനം ചെയ്തത്.
ചെങ്ങന്നൂരിൽനിന്ന് ആശാന്മാർ എത്തിയാണ് കഥകളി പഠിപ്പിച്ചിരുന്നത്, വള്ളിക്കോട് ശ്രീധരക്കുറുപ്പ് അച്യുതക്കുറുപ്പ്, പപ്പുവാശാൻ, പ്ലാവിലയിൽ അച്യുതൻ നായർ, മുട്ടത്ത് ശിവരാമൻ നായർ, പെരുമ്പിലെത്തു നാരായണൻ നായർ, തെക്കേവീട്ടിൽ മുല്ലശ്ശേരിൽ ഗോപാലൻ വൈദ്യൻ, കൃഷ്ണൻ എന്നിവർ കഥകളി കലാകാരന്മാർ ആയിരുന്നു. വില്ലടിച്ചാൻ പാട്ടിൽ ഒറ്റപ്ലാവിലയിൽ കൃഷ്ണൻ, ലക്ഷ്മണൻ, മഡൂർ പ്രഭാകരൻ, കൊല്ലന്റെ തെക്കേതിൽ കമലം എന്നിവരായിരുന്നു പ്രമുഖർ.
ആശാരിപ്പറമ്പിൽ നാണുക്കുറുപ്പ്, രാഘവൻ നായർ, പെരുമ്പിലേത്ത് പപ്പുക്കുറുപ്പ്, വല്യ വടക്കേതിൽ രാമക്കുറുപ്പ്, ഗോപാലൻ നായർ, ഭഗവതി വടക്കേതിൽ എന്നിവർ ഓട്ടൻ തുള്ളൽ കലാകാരന്മാരായിരുന്നു. കെ.പി.എ.സി. കമലമ്മ, ഇടത്തറ കമലമ്മ, സരസ്വതി, വിജയമ്മ വിജയകുമാരി എന്നിവരും പഴയകാല അഭിനേത്രികളാണ്. ചെണ്ടമേളത്തിതൽ വള്ളിക്കോട് തങ്കപ്പ പണിക്കർ, അച്യുതപ്പണിക്കർ എന്നിവരുടെ മേളപ്പെരുമ നിലനിർത്തി വള്ളിക്കോട് പ്രസാദാണ് ഇപ്പോൾ രംഗത്തുള്ളത്.
സിനിമാക്കാർ
വള്ളിക്കോട്ട് നിന്ന് സിനിമ ലോകത്ത് എത്തിയ രണ്ടുപേരാണ് വാസുദേവക്കുറുപ്പും രാമകൃഷ്ണൻ നായരും. അമ്പാലേതിൽ വാസുദേവക്കുറുപ്പ് സിനിമയിലെ ഡ്യൂപ്പ് കഥാപാത്രമായിരുന്നു. മെരിലാൻഡ് നിർമിച്ച കുമാരസംഭവം സിനിമയിൽ ജെമിനി ഗണേശനുവേണ്ടി നടരാജ നൃത്തം ആടിയത് വാസുദേവക്കുറുപ്പായിരുന്നു. കാട്ടുമല്ലിക സിനിമയിലെ കാട്ടു ജാതിക്കാരനായി നിറഞ്ഞാടിയതും ഇദ്ദേഹമാണ്. കഥകളിയും നാടോടി നൃത്തവും ശിവതാണ്ഡവവും പഠിച്ചിട്ടാണ് സിനിമയിലേക്ക് എത്തിയത്.
സത്യനും പ്രേം നസീറിനും വേണ്ടി ഡ്യൂപ്പ് ഡാൻസറായി, കമലഹാസൻ ശ്രീവിദ്യ, വിജയശ്രീ എന്നിവരുടെ നൃത്ത അധ്യാപകനും ആയിരുന്നു. മറ്റൊരു സിനിമ പ്രവർത്തകനായ വള്ളിക്കോട് വൻപള്ളിൽ രാമകൃഷ്ണൻ നായർ ഉദയ സ്റ്റുഡിയോയിലെ മിക്ക സിനിമകളുടെയും എഡിറ്ററുമായിരുന്നു.നവരാത്രി... ആരാധനയുടേയും സംഗീതത്തിന്റേയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റേയും ഉത്സവം. വിവിധ കലകളെ നെഞ്ചോടുചേർത്ത കലാകാരൻമാർ...
മൂന്ന് സാംസ്കാരികകേന്ദ്രങ്ങൾ
വള്ളിക്കോട്ടെ കലാകാരന്മാരുടെ താങ്ങുംതണലുമായി നിന്നത് മൂന്ന് സാംസ്കാരികകേന്ദ്രങ്ങളാണ്. വള്ളിക്കോട് ഗ്രന്ഥശാല, വള്ളിക്കോട് ജനത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, യുനൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എന്നിവിടങ്ങളിലെ കൂട്ടായ്മകളാണ് സാംസ്കാരിക മുന്നേറ്റത്തിന് വള്ളിക്കോട്ടുകാരുടെ പ്രേരകശക്തി.