മല്ലപ്പള്ളി : ഇരുനൂറിലധികം രാജ്യങ്ങളിലെ കായികതാരങ്ങൾ ഒരുമിക്കുന്ന ഒളിമ്പിക്സിന് ടോക്കിയോയിൽ വെള്ളിയാഴ്ച അരങ്ങുണർന്നപ്പോൾ പേരുകൊണ്ട് ഒളിമ്പ്യനായ മല്ലപ്പള്ളി വർക്കിയുടെ സ്മരണകളിലാണ് നാട്. 1952-ൽ ചെന്നെയിൽ നടന്ന ആദ്യ ദേശീയ വോളിബോൾ ടൂർണമെന്റിൽ കിരീടം നേടിയ മൈസൂർ ടീമിന്റെ മലയാളിയായ നായകനായിരുന്നു അദ്ദേഹം. മോസ്കോവിലെ ആദ്യ ലോക വോളിബോൾ ചാമ്പ്യൻഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായ വർക്കി ഒളിമ്പിക്സിൽ പങ്കെടുക്കാതെ ഒളിമ്പ്യനായത് പിന്നീട് പലപ്പോഴും കായികപ്രേമികളോട് സരസമായി പങ്കുെവച്ചിരുന്നു. നാല്പതുകളിൽ ഇന്ത്യയിൽ നടന്ന മേഖലാ മത്സരങ്ങൾക്ക് ഒളിമ്പിക്സ് എന്ന് ചേർത്താണ് വിശേഷിപ്പിച്ചിരുന്നത്. 1942-ൽ ഇന്ത്യൻ ആർമിയിൽ ചേർന്ന വർക്കി 1945 വരെ തൃശ്ശിനാപ്പള്ളിയിൽ നടന്ന മത്സരങ്ങളിലെ അത്‌ലറ്റിക് ചാമ്പ്യനായിരുന്നു. പങ്കെടുത്ത ഏഴിനങ്ങളിലും സ്വർണം. 1946 മുതൽ 1949 വരെ മൈസൂർ 'ഒളിമ്പിക്സ്' ഫീൽഡ് ചാമ്പ്യനായി. വോളിക്കൊപ്പം ഷോട്പുട്ട്, ഹാമർ ത്രോ, പോൾവോൾട്ട് എന്നിവയിലും മുന്നിലായിരുന്നു. 1986-ൽ തിരുവനന്തപുരത്ത് നടന്ന വെറ്ററൻസ് മീറ്റിലെ ത്രോ ഇനങ്ങളിൽ റെക്കോഡ് സ്വർണം നേടി. കളികളിൽ നിന്ന് വിരമിച്ചശേഷം അദ്ദേഹം ആരംഭിച്ച മെഡിക്കൽ സ്റ്റോറിന് കായികരംഗത്തോടുള്ള ഹൃദയബന്ധം കാരണം ഒളിമ്പ്യ എന്ന പേരാണ് നൽകിയത്. പന്ത് ഉയർത്തിയിട്ട് നടത്തുന്ന വോളിയിലെ ടെന്നീസ് സർവ് വർക്കിയാണ് ആവിഷ്കരിച്ചത്. വർക്കീസ് സർവ് എന്നും ഈ ശൈലി അറിയപ്പെട്ടു. 1998 നവംബർ അഞ്ചിന് വിടവാങ്ങുംവരെ മല്ലപ്പള്ളിയിലെ കായികരംഗത്ത് സജീവമായിരുന്നു.