അടൂർ : നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി അടൂർ ജനറൽ ആശുപത്രിയിലെ പ്രത്യേക നവജാതശിശു പരിചരണവിഭാഗത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച 12-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. ജനറൽ ആശുപത്രിയിലെ പ്രത്യേക നവജാതശിശു പരിചരണവിഭാഗത്തിന് ആരോഗ്യകേരളം 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി 20.7 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

ജില്ലയിലെ ഏക നവജാതശിശു പ്രത്യേക പരിചരണയൂണിറ്റാണിത്.

അഞ്ച് ഇൻബോൺ യൂണിറ്റ്, നാല് ഔട്ട്‌ബോൺ യൂണിറ്റ്, ട്രയാജ് ഏരിയ, സെൻഡ്രൽ ഓക്‌സിജൻ സംവിധാനം തുടങ്ങിയവ ഉൾപ്പെടുന്നു. ഫോട്ടോ തെറാപ്പി യൂണിറ്റ്, വാർമെർ തുടങ്ങിയ സംവിധാനങ്ങളും ഉണ്ട്.

കിട്ടുന്ന സേവനങ്ങൾ

നവജാതശിശുക്കളിലെ രക്തത്തിലെ അണുബാധ, ജനിക്കുമ്പോൾ ഭാരക്കുറവുള്ള കുഞ്ഞുങ്ങളുടെ സംരക്ഷണം, രക്തം മാറ്റിവയ്ക്കൽ, അധികമായി കാണുന്ന മഞ്ഞനിറം, ജനിച്ച് 28 ദിവസത്തിനകമുള്ള അണുബാധ, ഡയബറ്റിക് ബാധിതരായ അമ്മമാരുടെ നവജാതശിശുക്കളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ, ജനിച്ച ഉടൻ കരയാത്ത കുഞ്ഞുങ്ങളുടെ സംരക്ഷണം (വെന്റിലേറ്റർ ആവശ്യം ഇല്ലാത്തവർ), ഫീറ്റൽ ഡിസ്‌ട്രെസ് ആയി ജനിക്കുന്ന കുഞ്ഞുങ്ങളുടെ ചികിത്സ എന്നിവ ഇവിടെ ലഭിക്കും.

അതീവ ഗുരുതരാവസ്ഥയിലുള്ള നവജാതശിശുക്കളെ പ്രഥമചികിത്സ നൽകി റഫർ ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരാണ്. നവജാതശിശുക്കളുടെ ചികിത്സിച്ചുമാറ്റാൻ കഴിയുന്ന ആറ് ജനിതകരോഗങ്ങൾ മുൻകൂട്ടി കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകൾ നടത്തുന്നുണ്ട്.